വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
ന്യൂഡല്‍ഹി: വിഴിഞ്ഞത്ത് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് കേരളത്തിലെ മന്ത്രിമാര്‍ തന്നെ പറയുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ശബരിമലയില്‍ അയ്യപ്പന്മാരെ നേരിട്ടതിന്റെ പത്തിലൊരു പോലീസ് സന്നാഹം പോലും വിഴിഞ്ഞത്ത് ആയുധങ്ങളുമായി എത്തിയവരെ നേരിടാനുണ്ടായിരുന്നില്ലെന്നും മുരളീധരന് ആരോപിച്ചു.
'ഇന്നലെയും മിനിഞ്ഞാന്നുമായി തിരുവനന്തപുരത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിലെ ക്രമസമാധാന നിലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് കാണിക്കുന്നത്. ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. ജനങ്ങള്‍ സാമുദായികമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ സൂചിപ്പിച്ചത്. ജനങ്ങള്‍ പോലീസ് സ്റ്റേഷന് അക്രമിക്കുക. കലാപ സമാനമായ സാഹചര്യമാണ് ഉണ്ടായത്. അത്രയും ഗുരുതരമായ ഒരു സാഹചര്യമുണ്ടായിട്ടും കളക്ടര്‍ തലത്തിലുള്ള ഇടപെടല്‍ മാത്രമാണുണ്ടായത്. എവിടെപ്പോയി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി' കേന്ദ്ര മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് ഒരു നാഥനില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇത്രയൊക്കെ നടന്നിട്ട് ഒരു ജില്ലാ കളക്ടറുടെ സന്ദര്‍ശനത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഗുരുതരമായ ഒരു സംഭവം നടന്നിട്ട് തലസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ എവിടെയാണുള്ളത്. അവര്ക്കിതില് ഒരു ഉത്തരവാദിത്തവുമില്ലേ. മുഖ്യമന്ത്രിയല്ലേ സര്‍വകക്ഷിയോഗം വിളിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ മാളത്തില്‍ ഒളിക്കുകയാണ്. ഊരിപിടിച്ച വാളിനിടയിലൂടെ നടന്ന ആളാണെന്നാണ് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത്. എന്നാല്‍ ഇതുപോലുള്ള സാഹചര്യം വരുമ്പോള്‍ അതെന്താണ് അദ്ദേഹം വ്യക്തമാക്കാത്തത്.
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു പദ്ധതിയാണെന്ന് ജനങ്ങളേയും സമരക്കാരേയും ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ എടുത്തിരിക്കുന്ന മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണം. സമ്പൂര്‍ണ്ണമായ അരാജകത്വമാണ് ഉണ്ടായത്. കൃത്യതയില്ലാത്ത ഒരു നയമാണ് സര്‍ക്കാരിന്. പദ്ധതിക്ക് അനുകൂലമായവരുടെ വീട് അക്രമിക്കപ്പെട്ടിരിക്കുന്നു.
ശബരിമലയില്‍ യുവതിപ്രവേശനത്തിന്റെ പേരില്‍ എന്തെല്ലാം സാഹചര്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ അതിന്റെ പത്തിലൊന്ന് വിഴിഞ്ഞത് ഉണ്ടാകാതിരുന്നത് എന്താണ് കാരണം. സര്‍ക്കാര്‍ ആളെ നോക്കിയാണോ ക്രമസമാധാനപാലനം നടപ്പാക്കുന്നത്. ശബരിമലയില്‍ അയ്യപ്പന്മാരെ നേരിടാന്‍ എല്ലാ വിധ സന്നാഹങ്ങളും ഉണ്ടായിരുന്നു. ഇവിടെ മന്ത്രിമാര്‍ തന്നെ പറയുന്നു അക്രമികള്‍ ആയുധങ്ങളുമായിട്ടാണ് എത്തിയതെന്ന്..എന്നിട്ട് പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും മുരളീധരന് ചോദിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത് ജനങ്ങളെ വെല്ലുവിളിച്ചായിരുന്നു. ധാര്‍ഷ്ട്യം കൊണ്ട് മുന്നോട്ട് പോയാല്‍ തീരുമാനം പിന്‍വലിക്കേണ്ടി വരും എന്ന് മുന്‍പേ പറഞ്ഞതാണ്
ജനങ്ങളുടെ നികുതിപ്പണം മറ്റാരുടേയോ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ധാര്‍ഷ്ട്യത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. റെയില്‍വേ മന്ത്രിയെ കാര്യങ്ങളൊക്കെ താന്‍ നേരത്തെ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Content Highlights: vizhinjam conflict-union minister v muraleedharan against cm pinarayi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..