തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സതീശന്‍ കെപിസിസി അധ്യക്ഷന് കത്ത് നല്‍കി. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ചചെയ്യണമെന്ന് വി.ഡി സതീശന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. യുഡിഎഫില്‍ വിഷയം ചര്‍ച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തണമെന്നാണ് ആവശ്യം.

അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാര്‍ ഉപകരിക്കുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. 7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്.  എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദാനിക്ക് വന്‍ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

സാധാരണ പിപിപിയായി നടത്തുന്ന പദ്ധതികളില്‍ കരാര്‍ കാലവധി 30 വര്‍ഷമാണ്. എന്നാല്‍ വിഴിഞ്ഞം കരാറില്‍ ഇത് 40 വര്‍ഷമാണ്. അതുകൊണ്ടുതന്നെ അദാനിക്ക് 29217 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് കരാര്‍ കാലാവധി 20 വര്‍ഷംകൂടി നീട്ടിനല്‍കാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.