തിരുവനന്തപുരം: വിതുര പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെ താജുദ്ദീന്റെ വീട്ടില്‍ വാറ്റുചാരയം കുടിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവന്‍. രണ്ട് പേരും ചേര്‍ന്ന് മദ്യപിച്ചു. എന്നാല്‍ മാധവന്റെ കൈയില്‍ ചാരായത്തിന് കൊടുക്കാന്‍ പണം ഉണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി.
തുടര്‍ന്ന് താജുദ്ദീന്‍ അവിടെ കിടന്ന റബ്ബര്‍ കമ്പ് കൊണ്ട് മാധവന്റെ തലയ്ക്കു അടിച്ചു. അടി കൊണ്ട മാധവന്‍ നിലവിളിച്ചതോടെ പ്രതി തുണികൊണ്ട് വായ് തിരുകി മൂക്ക് പൊത്തി വീണ്ടും തലയ്ക്കടിച്ചു.
ഇതോടെ മാധവന് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇയാളെ വീട്ടില്‍ ഉപേക്ഷിച്ച് താജുദ്ദീന്‍ പുറത്തേക്കിറങ്ങിപ്പോയി. തിരികെ വന്നുനോക്കിയപ്പോള്‍ മാധവന്‍ മരിച്ചതായി മനസ്സിലാക്കി.
പുറത്ത് മൃതദേഹം കുഴിച്ചിടാമെന്ന് കരുതിയെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടര്‍ന്ന് മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ആയതോടെ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങി. ഇതോടെ വെള്ളിയാഴ്ച്ച രാവിലെ മുറിക്ക് ഉള്ളില്‍ കുഴിയെടുത്ത് മൃതദേഹം മണ്ണ് ഇട്ട് മൂടുകയായിരുന്നു.
പ്രതി വീട്ടില്‍ വാറ്റ് ചാരായം നിര്‍മിക്കുന്നതായി പോലീസ് കണ്ടെത്തി. അരലിറ്റര്‍ ചാരായവും കണ്ടെത്തി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
Content Highlights:Vithura murder case: prime accused arrested