മെഡിക്കൽ കോളജ് എ.സി.പി കെ.സുദർശൻ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ. ഫോട്ടോ - മാതൃഭൂമി
കോഴിക്കോട്: വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പോലീസ് മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജ് എ.സി.പി കെ.സുദര്‍ശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ പ്രതികളെ കണ്ടെത്താന്‍ ആയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രി പരിസരത്ത് ആളുകള്‍ കൂടിനില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ട്. എന്നാല്‍, പ്രതികളെ ആരേയും കണ്ടെത്താന്‍ ആയിട്ടില്ല. ആശുപത്രിക്ക് മുന്നിലൂടെ നടന്ന വിശ്വനാഥനോട് കുറച്ചുപേര്‍ ''നീ എന്താ കള്ളനാണോ ?.. പോലീസിനെ വിളിക്കണോ'' എന്ന് ചോദിച്ചിരുന്നു. ഇത് മാനസിക പ്രയാസം ഉണ്ടാക്കിയിട്ടുണ്ടാകാം. ഈക്കാര്യം വിശ്വനാഥന്‍ സെക്യൂരിറ്റിയോടും ഭാര്യയുടെ അമ്മയോടും പറഞ്ഞിട്ടുണ്ട്. മരണം നടന്ന ദിവസം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ എട്ടുപേര്‍ ഉള്‍പ്പടെ 100-ലധികം പേരുടെ മൊഴി എടുത്തിട്ടുണ്ട്. ഇനിയും കുറച്ചു പേരെക്കൂടി തിരിച്ചറിയാനുണ്ട്.
വിശ്വനാഥന്‍ മരിച്ച ദിവസം പ്രത്യേകിച്ചൊന്നും സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല. വിശ്വനാഥന്‍ ആശുപത്രിയിലെത്തിയത് 7-നാണ്. അന്നു മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാമെന്ന് കരുതുന്ന കുറച്ചുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ കൂടി മൊഴി എടുക്കും. വിശ്വനാഥന്‍ മാനസിക പ്രയാസത്തിലായിരുന്നു എന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. പലരും വിശ്വനാഥനോട് മരത്തിന്റെ ചുവട്ടിലെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പറഞ്ഞെങ്കിലും ഇരുന്നില്ല. ഭക്ഷണം കഴിച്ചോ എന്ന് ചിലര്‍ ചോദിച്ചപ്പോള്‍ കഴിച്ചെന്നു പറഞ്ഞു. കയ്യില്‍ ഉണ്ടായിരുന്ന പാത്രവും തുറന്ന് കാണിച്ചു കൊടുത്തു. ഇതിനുശേഷം രാത്രിയാണ് റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തേക്കുപോയ വിശ്വനാഥന്‍ പെട്ടന്ന് ഓടിപ്പോയത് എന്നും റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു.
Content Highlights: Viswanathan's death police human rights commission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..