Photo: Photo: Instagram|vijith.v_nair_ & Facebook.com|Vismaya.vnair.376
കൊല്ലം: വിസ്മയയുടെ മരണം സംബന്ധിച്ച് അന്വേഷണ സംഘം പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടേയും ഫോറന്‍സിക് ഡയറക്ടറുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാരുടേയും ഫോറന്‍സിക് ഡയറക്ടര്‍ ശശി കലയുടേയും മൊഴികളാണ് അന്വേഷണ സംഘം ശേഖരിച്ചത്. കിരണിനെ കസ്റ്റഡില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കുന്ന പോലീസ് സംഘം സഹോദരി ഭര്‍ത്താവിനേയും ചോദ്യം ചെയ്യും.
ശുചിമുറിയുടെ ജനാലയില്‍ കെട്ടിയിരുന്ന ടര്‍ക്കി കഴുത്തില്‍ മുറുക്കിയാണ് വിസ്മയ മരിച്ചത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അതോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യത്തിനാണ് ഡോക്ടര്‍മാരില്‍ നിന്ന് പോലീസ് ഉത്തരം തേടിയത്. വിസ്മയയുടെ കഴുത്തിലെ പാടുകള്‍, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാള്‍ കെട്ടിത്തൂക്കുമ്പോഴുമുള്ള വ്യത്യാസം, ടര്‍ക്കി കഴുത്തില്‍ മുറുകുമ്പോഴും മറ്റൊരാള്‍ മുറുക്കുമ്പോഴുമുള്ള മാറ്റം തുടങ്ങിയ ചോദ്യങ്ങള്‍ക്കും അന്വേഷണ സംഘം ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരം തേടി.
ശുചി മുറിയില്‍ സംഭവ ദിവസം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ വിശദാംശങ്ങള്‍ ഫോറന്‍സിക് ഡയറക്ടറില്‍നിന്ന് അന്വേഷണ സംഘം രേഖപ്പെടുത്തി. വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, കിരണിന്റെ അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. കിരണിന്റെ ഫോണുകള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കി. ഇവയുടെ വിശദാശംങ്ങള്‍ ഉടന്‍ ലഭിക്കും. കിരണിന്റെ അക്കൗണ്ടുകളിലെ ഇടപാടുകളും പോലീസ് വിശദമായി പരിശോധിക്കുകയാണ്.
സംഭവത്തില്‍ കിരണിന്റെ സഹോദരി ഭര്‍ത്താവിനേയും ചോദ്യം ചെയ്യും. ജനുവരി 2ന് നടന്ന സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് അടക്കമുള്ളവരെത്തി വിസ്മയയുടെ കുടുംബത്തോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിച്ചത്. സഹോദരി ഭര്‍ത്താവിനും ഗാര്‍ഹിക പീഡനത്തിലും മാനസിക പീഡനത്തിലും പങ്കുണ്ടെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ഇതിനിടെ കിരണ്‍ കുമാറിനെതിരേ വിജിലന്‍സ് അന്വേഷണവും ആരംഭിക്കും. ആര്യംകാവ് ചെക്‌പോസ്റ്റില്‍ കിരണ്‍കുമാര്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വിജിലന്‍സ് പരിശോധനയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.
Content Highlights: Vismaya case: investigation team recorded the doctors' statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..