തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും സന്ദേശവുമായി വിഷുവെത്തി. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും കൈനീട്ടം നല്‍കിയും വാങ്ങിയും ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിച്ചു. 

സൂര്യന്‍ മീനരാശിയില്‍ നിന്നും മേടരാശിയിലെത്തുന്ന അവസരമാണ് വിഷു. മലയാളിയുടെ പുതുവര്‍ഷം കൂടിയാണ് വിഷു. തിന്മയുണര്‍ത്തുന്ന കാഴ്ചകളെ മറച്ച് നല്ല ഒരു നാളെയെ വരവേല്‍ക്കുന്നതാണ് വിഷു എന്നാണ് സങ്കല്‍പ്പം. ഇതാണത്രേ കണി കാണുന്നതിന് പിന്നിലുള്ള സങ്കല്‍പ്പം. വിഷു ആഘോഷമാക്കുന്നതിന്റെ തിരക്കിലായിരുന്നു മലയാളി. വിഷു വിപണി പതിവിലും സജീവമായിരുന്നു.

വിഷുദിനമായ വെള്ളിയാഴ്ച ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ തന്നെ ഭക്തര്‍ കണ്ണനെ കണി കാണാനായെത്തിയിരുന്നു. ശബരിമലയിലും കണി കാണാനും കൈനീട്ടം സ്വീകരിക്കാനും നിരവധി ഭക്തരായിരുന്നു എത്തിയത്. സ്വര്‍ണപ്പാത്രത്തില്‍ അരിയും പഴവര്‍ഗങ്ങളും സ്വര്‍ണാഭരണങ്ങളും അലക്കിയ കസവുമുണ്ടും വെച്ച് തയ്യാറാക്കിയ കണി വെള്ളിയാഴ്ച രാവിലെ ദീപം തെളിച്ച് ഭഗവാനു മുന്നില്‍ സമര്‍പ്പിച്ചു.

തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും നാണയങ്ങള്‍ കൈനീട്ടമായി നല്‍കി. നന്മ നിറഞ്ഞ ഒരു നല്ല നാളേയിലേക്കാണ് ഓരോ വിഷുവും കണ്‍തുറക്കുന്നത്.