Representational Image (Photo: canva)
കൊച്ചി: ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്കിടയിലും തൊഴില്‍ വിസ തേടിയെത്തുന്നവരെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ തുടരുന്നു. വിദേശ തൊഴില്‍തട്ടിപ്പിന് തടയിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ ഏജന്‍സികളും കൈകോര്‍ത്ത് ബോധവത്കരണവുമായി രംഗത്തുവരുമ്പോള്‍ മറുവശത്ത് തട്ടിപ്പ് നിര്‍ബാധം തുടരുകയാണ്. പഠന വിസയ്ക്ക് എത്തുന്നവരും പറ്റിക്കപ്പെടുന്നുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞാണ് ആളുകളെ ആകര്‍ഷിക്കുന്നത്. തൊഴില്‍ വിസ നടപടിക്രമങ്ങള്‍ക്കുള്ള മാന്‍പവര്‍ റിക്രൂട്ട്മെന്റ് ലൈസന്‍സോ മറ്റ് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകളോ ഉണ്ടാകില്ല. കേവലം മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് സ്ഥാപനം നടത്തുന്നതിന് നേടുന്ന ലൈസന്‍സ് മാത്രമുപയോഗിച്ചാകും ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
പഠന വിസയുടെ മറവിലും തട്ടിപ്പ്
പഠന വിസയ്ക്ക് എത്തുന്നവരെയും തട്ടിപ്പിനിരയാക്കുന്നതാണ് പുതിയ സംഭവം. യൂറോപ്പിലും മറ്റും പഠന വിസയ്ക്ക് എത്തുന്നവരോട് പ്രവേശനം കിട്ടാന്‍ ഭാരിച്ച ചെലവാകുമെന്നും പകരം തൊഴില്‍ വിസ തരപ്പെടുത്തിത്തരാമെന്നും പറഞ്ഞാണ് വലയില്‍ വീഴ്ത്തുന്നത്. നേരിട്ട് ജോലി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ പലരും വീണുപോകും. പണം നല്‍കിയാലും ആര്‍ക്കും തന്നെ വിസ കിട്ടിയെന്നു വരില്ല.
ഏജന്‍സിയില്‍ ചോദിക്കുമ്പോള്‍ സ്‌കോര്‍ കുറഞ്ഞതിനാലാണ് വിസ കിട്ടാത്തതെന്ന രീതയില്‍ മറുപടിയാകും ഉണ്ടാകുക. പണം നഷ്ടമായവര്‍ക്ക് തിരികെ കിട്ടുകയുമില്ല. ഇത്തരം വിദേശത്തേക്ക് ആളുകളെ ജോലിക്ക് അയക്കുന്ന സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം ലൈസന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനമുണ്ടാകണം.
തട്ടിപ്പ് വീട്ടുജോലിയുടെ പേരിലും
വിദേശത്ത് ഗാര്‍ഹിക ജോലി എന്ന പേരില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിച്ച സംഘം മുപ്പതിലേറെ സ്ത്രീകളെ വിദേശത്തെ ഏജന്റിന് കൈമാറിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇത്തരത്തില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ വ്യാപകമായതോടെ തൊഴില്‍ത്തട്ടിപ്പിനെതിരേ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത 'ശുഭയാത്ര' വ്യാപകമായ ബോധവത്കരണം നടത്തിയിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ കാണുന്ന പരസ്യത്തോടു പ്രതികരിച്ച് പണം നഷ്ടപ്പെടുന്നത് തുടരുന്നു.
കരുതാം
വിദേശത്തേക്ക് ജോലിക്ക് ആളുകളെ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 10-ാം ക്ലാസ് ജയിക്കാത്ത 30 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കായി കൊണ്ടുപോകണമെങ്കില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. 2500 അമേരിക്കന്‍ ഡോളറിനു തുല്യമായ തുക ഇന്ത്യന്‍ എംബസിയില്‍ കെട്ടിവെയ്ക്കുകയും വേണം. സന്ദര്‍ശക വിസയില്‍ കൊണ്ടുപോയി ജോലി നല്‍കാമെന്ന വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാണ്.
ട്രാവല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം അന്വേഷിക്കുന്നു
കൊച്ചി: നഗരത്തിലെ ട്രാവല്‍ ഏജന്‍സികളുടെയും വിദേശത്ത് പഠിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളുടെയും പ്രവര്‍ത്തനം അന്വേഷിച്ചുവരികയാണെന്ന് ഡി.സി.പി. എസ്. ശശിധരന്‍ പറഞ്ഞു. രണ്ടുമാസംമുമ്പേ ഇതേപ്പറ്റി നിര്‍ദേശം നല്‍കിയിരുന്നു. റെയിസ് ട്രാവല്‍സിന്റെ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുന്നുണ്ട്.
Content Highlights: visa fraud visa and migration scams on rise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..