തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്‌കോ. ലോക്ക്ഡൗണിന് ശേഷം ഓണ്‍ലൈന്‍ വിദേശമദ്യ വില്‍പന നടപ്പാക്കുമെന്ന സൂചന നല്‍കിയാണ് ബിവറേജസ് കോര്‍പറേഷന്റെ  നീക്കം. ഓണ്‍ലൈന്‍ ടോക്കണ്‍ രീതിയോ വെര്‍ച്ചല്‍ ക്യൂ മാതൃകയോ നടപ്പാക്കുന്നതിനായി മികച്ച സോഫ്റ്റ്‌വെയര്‍ കമ്പനിയെ കണ്ടെത്താനാണ് ശ്രമം. ഇതിനായി ബെവ്‌കോ എം.ഡി. ജി. സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ കമ്പനികളുടെ പരിശോധന തുടങ്ങി. 

എല്ലാ ബിവറേജസ് ഔട്ട് ലെറ്റുകളുടേയും വിവരങ്ങള്‍ ആപ്‌ളിക്കേഷനില്‍ ഉള്‍പ്പെടുത്തും. പിന്‍കോഡ് അനുസരിച്ചാകും ബിവ്‌റേജസ് ഷോപ്പുകള്‍ ആപ്പില്‍ കാണിക്കുക. എസ്എംഎസ് വഴിയാകും തുടര്‍ നടപടികള്‍. ഒരാള്‍ ഒരിക്കല്‍ മദ്യം ബുക്ക് ചെയ്താല്‍ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ ബുക്കിങ്ങ് അനുവദിക്കാവു എന്നതാണ് ബെവ്‌കോ മുന്നോട്ട് വെച്ച് പ്രധാന നിര്‍ദേശം.   ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സംവിധാനം ആലോചിക്കുന്നത്. 

ഇതുവരെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ 29 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വില്‍പനക്ക് സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കാലതാമസമില്ലാതെ ഇത് നടപ്പാക്കാന്‍ വേണ്ടിയാണ് സമാന്തരമായി തുടര്‍നടപടികള്‍ ആരംഭിച്ചതെന്ന് ബെവ്‌കോ വിശദീകരിച്ചു.

content highlights: Virtual queue system likely for liquor sale