മുത്തപ്പനും റംലത്തും, സനൽ പെരുവണ്ണാൻ
കാസര്‍ഗോഡ്: സമൂഹ മാധ്യമങ്ങളിലെ കഴിഞ്ഞ ദിവസത്തെ വൈറല്‍ കാഴ്ച മുത്തപ്പനും ഒരു പര്‍ദയണിഞ്ഞ മുസ്ലിം സ്ത്രീയുമായിരുന്നു. തന്റെ ജീവിത സങ്കടങ്ങള്‍ മുത്തപ്പനോട് പറയുന്ന മുസ്ലീം സ്ത്രീയും ആശ്വസിപ്പിക്കുന്ന മുത്തപ്പനും കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചയായി എല്ലാ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. കാസര്‍ഗോഡ് പടന്നകടപ്പുറത്ത് വി. ബാലകൃഷ്ണന്റെ വീട്ടില്‍ കെട്ടിയാടിയ വെള്ളാട്ടത്തിന്റേതായിരുന്നു ആ ദൃശ്യങ്ങള്‍.
കണ്ണൂര്‍ സ്വദേശിയായ സനല്‍ പെരുവണ്ണാനാണ് മുത്തപ്പനെ കെട്ടിയാടിയത്. ഉത്തരമലബാറിലുള്ളവര്‍ക്ക് ഇതൊരു പുതുമയുള്ള കാഴ്ചയല്ലെന്നാണ് സനല്‍ പെരുവണ്ണാന് വൈറല്‍ വീഡിയോയെ കുറിച്ച് പറയാനുള്ളത്. വീഡിയോ വൈറലായതോടെ അഭിനന്ദനം അറിയിച്ച് വിളിക്കുന്നവരില്‍ കൂടുതലും ഉത്തരമലബാറിന് പുറത്തുള്ളവരാണ്. നിലവിലെ സാഹചര്യങ്ങളില്‍ ഇത്തരമൊരു വീഡിയോ കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നാണ് പലരും പറയുന്നത്.
മുത്തപ്പന്‍ ഇസ്ലാമിക ആചാരങ്ങളെ കുറിച്ചൊക്കെ സംസാരിച്ചതാണ് പലരെയും അത്ഭുതപ്പെടുത്തിയത്. മറ്റുള്ള ദൈവങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ജാതിമതസ്തരും അനുഗ്രഹം വാങ്ങാന്‍ വരുന്ന ദൈവമാണ് മുത്തപ്പന്‍. അത്‌കൊണ്ടുതന്നെ മുത്തപ്പനാവാന്‍ പഠിക്കുമ്പോള്‍ നമ്മള്‍ എല്ലാ കാര്യവും പഠിക്കണം. അതിനാല്‍ തന്നെ അത്തരം കാര്യങ്ങളെ കുറിച്ചൊക്കെ മനസ്സിലാക്കിയിരുന്നുവെന്നും സനല്‍ പെരുവണ്ണാന്‍ പറയുന്നു.
വീടിന് അടുത്ത് നടന്ന വെള്ളാട്ടം കാണാനെത്തിയപ്പോഴാണ് കാസര്‍ഗോഡ് സ്വദേശി റംലത്ത് മുത്തപ്പനോട് തന്റെ സങ്കടങ്ങള്‍ തുറന്നുപറഞ്ഞത്. വെള്ളാട്ടത്തിന് പണം കൊടുക്കാന്‍ പോയപ്പോള്‍ മുത്തപ്പന്‍ എന്തെങ്കിലും സങ്കടമുണ്ടോ എന്ന് ചോദിക്കുകയായിരുന്നുവെന്ന് റംലത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സങ്കടങ്ങള്‍ മുത്തപ്പനോട് പറഞ്ഞു. മുത്തപ്പന്‍ തന്നെ ചേര്‍ത്തി നിര്‍ത്തി ആശ്വസിപ്പിച്ചു. സങ്കടം കാരണം കരഞ്ഞുപോയി. അത് വീഡിയോ എടുത്തതും ഇത്തരത്തില്‍ വൈറലായതും ഒന്നും താനറിഞ്ഞിരുന്നില്ല. മതത്തിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്ന കാലത്ത് ഈ വീഡിയോയുടെ പേരില്‍ തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ആശങ്കയും റംലത്ത് പങ്കുവച്ചു.
Content Highlights: Viral video from Kasaragod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..