ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ
ആലപ്പുഴ: അപ്രതീക്ഷിതമായി ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തെത്തിയ കൃഷ്ണ തേജ വ്യത്യസ്തമായ സമീപനരീതിയിലൂടെ ജനങ്ങളെ കൈയ്യിലെടുക്കുകയാണ്. മഴക്കാല ദുരിതങ്ങള്‍ക്കിടെ കുട്ടികളോടുള്ള കരുതല്‍ വ്യക്തമാക്കുന്ന കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വൈറലായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹം ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലായതിനു പിന്നാലെയാണ് ഇന്നും അദ്ദേഹം സമാനരീതിയിലുള്ള അവധിപ്രഖ്യാപനം നടത്തിയത്.
സ്വയം കളക്ടര്‍മാമനായി മാറി അവധി പ്രഖ്യാപനം മാത്രമല്ല രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോവുമ്പോള്‍ കുട്ടികള്‍ ചേയ്യേണ്ട കാര്യങ്ങളും തന്റെ കുറിപ്പിലൂടെ സ്നേഹപൂര്‍വം ഉപദേശിക്കുകയാണ് കളക്ടര്‍ കൃഷ്ണ തേജ. അവർക്ക് ഉമ്മ കൊടുക്കണമെന്നും സൂക്ഷിച്ച് വണ്ടിയോടിച്ച് വരണമെന്ന് അവരോട് പറയണമെന്നും കളക്ടറുടെ അവധി പ്രഖ്യാപന പോസ്റ്റില്‍ പറയുന്നു.
മഴക്കാലമായത് കൊണ്ട് അച്ഛനമ്മമാര്‍ ജോലിക്ക് പോവുമ്പോള്‍ ബാഗില്‍ കുട, മഴക്കോട്ട്, എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. പോകുന്നത് മുന്‍പ് അവര്‍ക്ക് ഉമ്മ കൊടുക്കണം. ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നുണ്ടെന്നും സൂക്ഷിച്ച് വണ്ടിയോടിച്ച് വൈകിട്ട് നേരത്തെ വീട്ടില്‍ വരണമെന്ന് സ്നേഹത്തോടെ പറയണമെന്നും ഉപദേശിക്കുന്നു കളക്ടര്മാമന്. നാളേയും അവധിയാണെന്നും എന്നുവെച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ മറക്കല്ലേയെന്നും കൃഷ്ണ തേജ പറയുന്നു.
കളക്ടര്‍ വേറെ ലെവലെന്ന് കമന്റ്ബോക്സില്‍ പോസ്റ്റിനോടുള്ള പ്രതികരണങ്ങള്‍ തുരുതുരെ വന്ന് കൊണ്ടിരിക്കുകയാണ്. വലിയ രീതിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.
സൂക്ഷിച്ച് വണ്ടിയോടിക്കണമെന്നുള്ള ഉപദേശം വെങ്കിട്ടരാമനെ ഉദ്ദേശിച്ചാണോയെന്നും ആളുകള്‍ കമന്റില്‍ ചോദിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ്സിനെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയതോടെയാണ് അപ്രതീക്ഷിതമായി കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..