'പറ്റിയ ജീവിതപങ്കാളിയെ ഇതു വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, തനിക്ക് ചേരുന്ന ആളുണ്ടെങ്കില്‍ അറിയിച്ചാല്‍ എപ്പോഴേ റെഡി'. ഒരു യുവാവിന്റെ ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അസാധാരണമായൊന്നുമില്ല.എന്നാല്‍ ജെബിസന്‍ എന്ന യുവാവ് വധുവിനെ തിരഞ്ഞ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ അത് വൈറലുമായി.  ജെബിസന്റെ ഡിമാന്‍ഡുകള്‍ കുറച്ച് ഓവറല്ലേ എന്നാണ് പോസ്റ്റ് കാണാനിടയായവരുടെ പ്രതികരണം. 

പാലപ്പത്തിന്റെ നിറമോ മുട്ടൊപ്പമെത്തുന്ന ചുരുള്‍മുടിയോ ജെബിസന്റെ സങ്കല്‍പത്തിലെ ഭാവിവധുവിനില്ല. മറിച്ച്  അടക്കവും ഒതുക്കവുമില്ലാത്ത, അടുക്കളയില്‍ കയറി  പരിചയമില്ലാത്ത, വീട്ടുജോലികളില്‍ നൈപുണ്യമില്ലാത്ത, തന്റേടമുള്ള പെണ്‍കുട്ടികള്‍ക്കാണ് മുന്‍ഗണന. സാരിയുടുക്കാന്‍ അറിയില്ലെങ്കിലും സ്വന്തമായി തീരുമാനമെടുക്കാനും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാനും അറിയുന്ന ആളാവണം എന്നാണ് ജെബിസന്റെ പോസ്റ്റില്‍. 

ഒരു രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനായ ജെബിസനില്‍ നിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിക്കാവുന്നതിനാല്‍ സുഹൃത്തുക്കള്‍ക്കതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല, എന്നാല്‍ പോസ്റ്റ് കാണാനിടയായ മറ്റു പലരും ഒന്ന് അമ്പരന്നെന്ന് പറയാം. ഗ്രേറ്റ് ഇന്ത്യന്‍ സിനിമ സ്വാധീനിച്ചോ എന്നു വരെ ചോദിച്ചവരുണ്ടെന്ന് ചെറിയൊരു ചിരിയോടെ ജെബിസന്‍ പറയുന്നു. 

'കെട്ടാന്‍ പെണ്ണ് കിട്ടീലേ' എന്ന നാട്ടുകാരുടേയും സ്വന്തം വിദ്യാര്‍ഥികളുടേയും ചോദ്യം കേട്ടു മടുത്താണ് ജെബിസന്‍ ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്. തന്റെ ഡിമാന്‍ഡുകള്‍ക്കനുസരിച്ചുള്ള ഒരു വധുവിനെ കിട്ടിയാല്‍ കെട്ടാമെന്നാണ് ജെബിസന്റെ പോസ്റ്റില്‍. സാധാരണയായി വധുവിനെ തേടുമ്പോള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളല്ലാത്തതിനാല്‍ ഇനിയാരും ചോദ്യവുമായെത്തി ബുദ്ധിമുട്ടിക്കില്ലെന്ന പ്രതീക്ഷയാണ് ഇദ്ദേഹത്തിന്. 

പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്ന പോലെ നല്ല വിദ്യാഭ്യാസവും ജോലിയും സ്വന്തമായി വരുമാനവുമുള്ള പെണ്‍കുട്ടിയെ കിട്ടിയാല്‍ വിവാഹത്തിന് തയ്യാറാണെന്നും അടുക്കളജോലിയില്‍ ഒപ്പം കൂടാന്‍ സന്തോഷമേയുള്ളുവെന്നും ഈ യുവാവ് പറയുന്നു. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാനും ഉചിതമായ തീരുമാനമെടുക്കാന്‍ കഴിവുള്ളതുമായ ഒരു പെണ്‍കുട്ടി ഒരു സര്‍വഗുണ സമ്പന്നയായിരിക്കുമെന്നാണ് ജെബിസന്റെ പക്ഷം. ഇനിയിപ്പോള്‍ വിവാഹം നടന്നില്ലെങ്കിലും ജെബിസന് വിഷമമില്ല, തന്റെ പ്രിയ നേതാവായ രാഹുല്‍ ഗാന്ധി ഇതു വരെ വിവാഹിതനായിട്ടില്ലെന്നുള്ളതാണ് അതിന് കാരണം. 

കൃഷിക്കാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ഒരു യുവാവിന് വിവാഹമാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറവാണെന്ന് ജെബിസന്‍ പറയുന്നു. ടൂറിസം അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം നേടിയ ജെബിസന്‍ സ്വന്തമായി ഒരു ട്യൂഷന്‍ സെന്ററും നടത്തി വരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കാട്ടാമ്പല്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജെബിസന്‍ മത്സരിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ ജെയിംസിനും അമ്മ ബേബിയ്ക്കുമൊപ്പം തൃശ്ശൂരിലെ കാട്ടാമ്പലിലാണ് താമസം. ജെബി, ജെറി എന്നീ രണ്ട് സഹോദരിമാരുണ്ട്. ഇരുവരും വിവാഹിതരാണ്. 

ജെബിസന്റെ പോസ്റ്റ്‌

#internationalwomensday# #searching for life partner# ജെബിസാ എപ്പേഴാ ഒരു ചോറ് തരാ ? ഡാ എപ്പഴോ ഒരു ബിരിയാണി കിട്ടാ ?...

Posted by Jebison Vj on Sunday, March 7, 2021

 

 

Content Highlights: Viral Facebook Post Jebison Vj Seekiing Bride