തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കണ്ടുവെന്ന കലാഭവന്‍ സോബിയുടെ ആരോപണം പരിശോധിക്കണമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി. 

സോബിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി പരിശോധിക്കണമെന്ന് കെ.സി. ഉണ്ണി പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയതിനാലാണ് കേസ് സി.ബി.ഐക്ക് കൊടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഉണ്ണി പറഞ്ഞു. 

ബാലഭാസ്‌കറിന്റെ അപകടമരണസസ്ഥലത്ത് രണ്ട് പേരെ അസ്വാഭാവികമായി കണ്ടുവെന്ന് നേരത്തെ തന്നെ കലാഭവന്‍ സോബി പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തല്‍ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്. അന്ന് കണ്ട രണ്ട് പേരില്‍ രൂപസാദൃശ്യമുള്ള ഒരാളാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെന്നാണ് ഇപ്പോള്‍ സോബി ആരോപിക്കുന്നത്. 

Content Highlights: Violinist Balabhaskar Kalabhavan Sobi Gold smuggling Case