തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. 

വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57-നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ബാലഭാസ്‌കര്‍,ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലക്ഷ്മി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

സി.കെ ഉണ്ണി ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കര്‍ അമ്മാവനും സംഗീതജ്ഞനുമായ ബി ശശികുമാറിന് കീഴില്‍ മൂന്നാംവയസിലാണ് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. 12ാം വയസിലായിരുന്നു ആദ്യ കച്ചേരി. 17ാംവയസില്‍ ആദ്യമായി സിനിമക്ക് വേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചു. മംഗല്യപല്ലക്ക്, കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നിവയാണ് അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍. പഠിക്കുന്ന കാലത്തു തന്നെ സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു. ഈസ്റ്റ് കോസ്റ്റിന് വേണ്ടി നിനക്കായ്, ആദ്യമായി തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രദ്ധേയമായി. യേശുദാസ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം ഫ്യൂഷന്‍ ഷോകള്‍ ചെയ്തു.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്.

ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധേയനായ ബാലഭാസ്‌കര്‍ ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചക്ക് രണ്ടുമണിക്ക് ശേഷം പൂജപ്പുരയിലെ സ്വവസതിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ബാലുവിന് മൂന്നാം വയസില്‍ കിട്ടിയ കളിപ്പാട്ടം

കൊഴിഞ്ഞത് വയലിനില്‍ വിരിഞ്ഞ പ്രണയപ്പൂക്കള്‍

content highlights: Violinist Balabhaskar died