തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇതു സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും സാംസ്‌കാരിക സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിനിമകളിലും സീരിയലുകളിലും കാണുന്നത് സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ലൈംഗിക പീഡനം ഉള്‍പ്പടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

content highlights: violence against women statutory warning cinema human rights commission