നാട്ടുകാരും അധികൃതരും തമ്മിൽ നടന്ന തർക്കം
തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്ക്കരിക്കാനായി സ്ഥലം വിട്ടു നല്‍കാനുള്ള മുന്‍ ബ്ളോക്ക് പഞ്ചായത്തംഗത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് നാട്ടുകാര്‍. മലയം കെ.കെ റോഡ് ഭാഗത്തെ അരയേക്കര്‍ വസ്തുവാണ് താല്‍ക്കാലിക ശ്മശാനത്തിനായി തീരുമാനിച്ചത്
കാട്ടാക്കട എം.എല്‍.എ ഐ. ബി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ എതിര്‍ത്തതോടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം പഞ്ചായത്ത് ഉപേക്ഷിച്ചു. മുന്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം ബിനു തോമസ് ആണ് സ്ഥലം നല്‍കാമെന്ന് സമ്മതിച്ചത്.
നാട്ടുകാര്‍ എതിര്‍ത്തതോടെ സ്ഥലം വിട്ടുനല്‍കാം എന്ന തീരുമാനത്തില്‍ നിന്ന് ബിനു തോമസ് പിന്മാറി.
ശ്മശാനത്തിനായി കണ്ടെത്തിയ സ്ഥലം പള്ളിക്കല്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതാണ്. രണ്ട് പഞ്ചായത്തിലെയും അധികൃതരും സ്ഥലം സന്ദര്‍ശിക്കാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ശ്മശാനത്തിനായി കണ്ടെത്തിയ സ്ഥലം കുന്നുംപ്രദേശമാണെന്നും ഇവിടെ നിന്ന് വരുന്ന ഉറവയാണ് തങ്ങളുടെ കിണറിലേക്ക് എത്തുന്നതെന്നുമാണ് ജനങ്ങള്‍ പറയുന്നത്. അവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിച്ചതും ഇക്കാര്യമാണ്.
മാത്രമല്ല സ്ഥലം സ്ഥിരമായി ശ്മശാനമായി മാറുമെന്നതാണ് അവര്‍ കരുതുന്നതെന്ന് വിളവൂര്‍ക്കല്‍ പഞ്ചായത്ത് പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് മൂന്ന് മരണമാണ് വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഉണ്ടായത്. മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സ്ഥലപരിമിതിയെ തുടര്‍ന്നാണ് താത്കാലികമായി സ്ഥലം മൂന്നുമാസത്തേക്ക് വിട്ടുകൊടുക്കാമെന്ന് ബിനു തോമസ് അറിയിച്ചത്.
ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയതിനാല്‍ അധികൃതര്‍ പിന്മാറി. ജനങ്ങളുടെ ആശങ്ക ഉള്‍പ്പെടെ വിഷയം ജില്ലാ കലക്ടറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് വിലവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സ്ഥലത്തിന്റെ മണ്ണുപരിശോധന ഉള്‍പ്പെടെ നടത്തി ജനത്തിന്റെ ആശങ്ക ദുരീകരിക്കാനുള്ള നടപടികള്‍ക്ക് ഇനി കലക്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..