vijay babu
ന്യൂഡല്‍ഹി: പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. വിദേശത്തിരുന്ന് വിജയ് ബാബു ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. വിജയ് ബാബു ഏര്‍പ്പെട്ട കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് മനസിലാക്കിയ ശേഷമാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വം ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍, അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ആഴവും സ്വഭാവും പരിഗണക്കണമെന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. ഉയര്‍ന്ന പദവിയിലുള്ള വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ബലാത്സംഗ കേസ് ആണെന്ന വസ്തുത കണക്കിലെടുക്കാതെയാണ് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചത്. ഇക്കാരണങ്ങളാല്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം ഉടന്‍ റദ്ദാക്കണമെന്ന് സ്റ്റാന്റിംഗ് കൗണ്‍സില്‍ സികെ ശശി ഫയല്‍ ചെയ്ത അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വേനല്‍ അവധിക്ക് ശേഷം ജൂലായ് പതിനൊന്നിനാണ് സുപ്രീം കോടതിയില്‍ ഇനി റെഗുലര്‍ ബെഞ്ചുകള്‍ ഇരിക്കുക. എന്നാല്‍ കേസിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അവധിക്കാല ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ നടപടി ആരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..