യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വിജയ് ബാബുവിനെ കൊച്ചു കടവന്ത്രയിലെ 'ഡി-ഹോം'സ്യൂട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നതിനുശേഷം പോലീസ് തിരിച്ചു കൊണ്ടുപോകുന്നു. ഫോട്ടോ - വി.കെ അജി|മാതൃഭൂമി
കൊച്ചി: ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞശേഷം വിദേശത്തേയ്ക്ക് കടന്നയാള്‍ അവിടെയിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കേണ്ടതുണ്ടോ എന്നത് ഡിവിഷന് ബെഞ്ച് പരിശോധിക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വ്യത്യസ്ത ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിഷയം ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്.
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനോട് വിയോജിച്ചുകൊണ്ടാണ് വിഷയം ഡിവിഷന് ബെഞ്ച് പരിശോധിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇടക്കാല ജാമ്യത്തിന് അര്‍ഹതയുണ്ടോ, അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ പ്രതിയുടെ അറസ്റ്റ് വിലക്കാനാകുമോ എന്നതും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പോക്സോ കേസില്‍ പ്രതിയായ പത്തനംതിട്ട സ്വദേശിനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്. പ്രതി വിദേശത്തായതിനാല്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി, തുറന്നകോടതിയില്‍ ഉത്തരവ് പറഞ്ഞിരുന്നു. എസ്.എം. ഷാഫി കേസില്‍ ഹൈക്കോടതി മുന്‍പ് പുറപ്പെടുവിച്ച ഉത്തരവ് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇതേദിവസം തന്നെ വിജയ് ബാബുവിന് മറ്റൊരു ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയം ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് വീണ്ടും പരിഗണിക്കുകയായിരുന്നു.
വിദേശത്തിരുന്ന് ജാമ്യ ഹര്‍ജി നല്‍കാനാകില്ലെന്ന് ഷാഫിയുടെ കേസില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നതിനാല്‍ ഡിവിഷന് ബെഞ്ചിന്റെ പരിശോധനയില്ലാതെ വിജയ് ബാബുവിന്റെ കേസില്‍ സിംഗിള്‍ ബെഞ്ച് തീരുമാനം എടുക്കരുതായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. അത്തരമൊരാളെ ഇടക്കാല ജാമ്യം അനുവദിച്ച് രാജ്യത്തേയ്ക്ക് കോടതി ക്ഷണിക്കേണ്ടതില്ല. അയാളെ അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ കടമയാണ്. സി.ആര്.പി.സി. സെക്ഷന്‍ 438 പ്രകാരം അന്വേഷണഘട്ടത്തില്‍ പ്രതിയുടെ അറസ്റ്റ് തടയാന്‍ കോടതിയ്ക്ക് അധികാരമില്ല. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യമെ അനുവദിക്കാനാകു. വിജയ് ബാബുവിന്റെ കേസിലെ തീര്‍പ്പുകളില്‍ പുനഃപരിശോധന ആവശ്യമാണെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ജാമ്യഹര്‍ജി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിനാല്‍ ഹര്‍ജിക്കാരിയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സ്ത്രീയാണെന്നതും നിലവില്‍ രാജ്യത്തുണ്ടെന്നതുമൊക്കെ കണക്കിലെടുത്താണിത്.
എസ്.എം.ഷാഫി കേസില്‍ ഹൈക്കോടതി പറഞ്ഞത്: വിദേശരാജ്യത്തെ ചാരുകസേരയില്‍ ഇരുന്ന് ഫയല്‍ ചെയ്യുന്ന ജാമ്യഹര്‍ജി പരിഗണിക്കേണ്ടതില്ല.
സുശീല അഗര്‍വാള്‍ കേസില്‍ സുപ്രീംംകോടതി പറഞ്ഞത്: നിയമപരമായ നിയന്ത്രണമില്ലെങ്കില്‍ ജാമ്യ ഹര്‍ജികളില്‍ കോടതി അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തരുത
വിജയ് ബാബുവിന്റെ കേസില്‍ ഹൈക്കോടതി പറഞ്ഞത്: വിദേശത്തിരുന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യാം, അന്തിമവാദം നടക്കുമ്പോള്‍ ഹര്ജിക്കാരന് സ്ഥലത്തുണ്ടായാല്‍ മതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..