കെ.സുരേന്ദ്രൻ |Photo:Facebook|bjpkerala
തിരുവനന്തപുരം: യൂണിടാക്ക് ഉടമ നല്‍കിയ ഐഫോണുകള്‍ ആരുടെ പക്കലാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നുൂം സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്വപ്നയ്ക്കൊപ്പം വിദേശ രാജ്യത്ത് പോയിട്ടുണ്ട്. ശിവശങ്കറിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയില്‍ വസ്തുതാപരമായി എന്ത് മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷന്‍ അഴിമതിക്കായി കരാറുകാരന്‍ കൊടുത്തയച്ച അഞ്ച് ഫോണുകളില്‍ ഒന്ന് ശിവശങ്കറിന്റെ കയ്യിലാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുന്നയാള്‍ കരാറ് നല്‍കുന്നതിന് പകരമായി ഫോണ്‍ കൈപ്പറ്റിയെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ഒഴിഞ്ഞുമാറാന്‍ സാധിക്കുക. യുഎഇ കോണ്‍സുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങിനെയെങ്കില്‍ കരാറിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ശിവശങ്കറിന് ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതും സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ പോയതും കേസുകളിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു . ലൈഫ്മിഷന്‍ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടേക്കാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കറിന് ലഭിച്ച ഫോണ്‍.
സ്വപ്‌നയേയും സന്ദീപിനേയുമൊക്കെ വിജിലന്‍സ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോകുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവപരമായ ഇടപെടല്‍ നടത്തിയിട്ടില്ലെങ്കില്‍, വിജിലന്‍സിന് അവരെ കസ്റ്റഡിയില്‍ വെക്കാനുള്ള അവസരം കൊടുത്താല്‍ ഇതുവരെ പുറത്ത് വന്ന തെളിവുകളും മറ്റും അട്ടമറിക്കപ്പെടും.
മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും എതിരായ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിനായിട്ടാണ് വിജിലന്‍സ് അന്വേഷണം. വിശേഷപ്പെട്ട അന്വേഷണമാണ് വിജിലന്‍സിന്റേതെന്ന് ആരും ധരിക്കേണ്ട. കേന്ദ്ര ഏജന്‍സികല്‍ ഇത് മനസ്സിലാക്കണം. എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്.
സ്വപ്‌ന ഒളിവിലായിരുന്നപ്പോള്‍ പുറത്ത് വിട്ട ശബ്ദരേഖ സിപിഎം പഠിപിച്ചുവിട്ടതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇപ്പോള്‍ അവര്‍ക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ് വിജിലന്‍സിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: Life mission-Vigilance-Central agencies-k.Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..