തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് സുധാകരനെതിരേ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി. 

പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരേ നിര്‍ണായകമായ ചില തെളിവുകള്‍ വിജിലന്‍സിന്‌ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. സുധാകരനെതിരേ കേസെടുത്ത് അന്വേഷണം നടത്താനായി വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം. 

കഴിഞ്ഞ ജൂലായിലാണ് പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരേ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. 

കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന്‌ രൂപ സുധാകരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കണ്ണൂര്‍ എഡ്യൂ പാര്‍ക്കിന്റെ പേരിലും സുധാകരന്‍ കോടികള്‍ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരന്‍ നിര്‍മിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം സുധാകരനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 

content highlights: vigilance recommends detailed probe against k sudhakaran