തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങള്‍ പുതുക്കി പുതിയ ഉത്തരവിറക്കി. പരാതികള്‍ യൂണിറ്റ് തലത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന ജേക്കബ് തോമസിന്റെ സര്‍ക്കുലറാണ് സർക്കാർ തിരുത്തിയത്. 

15 കാര്യങ്ങളാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. കേസുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാവൂ. എല്ലാ പരാതികളും ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കണം. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും കേസെടുക്കാനുള്ള അധികാരമുണ്ടാവില്ല. കേസുകളില്‍ അന്തിമതീരുമാനമടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതോടെ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ അസാധുവായി. 

മന്ത്രിമാര്‍, രാഷ്ട്രീയപ്രമുഖര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ രഹസ്യാന്വേഷണം നടത്തി കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നായിരുന്നു ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. ഇത്തരം ആരോപണങ്ങളില്‍ മേലുദ്യോഗസ്ഥനെ വിവരമറിയിച്ച് ഏത് രീതിയിലുള്ള അന്വേഷണം നടത്തണമെന്ന് തീരുമാനിക്കാന്‍ 10 എസ്പിമാര്‍ക്കും 34 ഡിവൈഎസ്പിമാര്‍ക്കും അധികാരമുണ്ടായിരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ജേക്കബ് തോമസ് സർക്കുലർ ഇറക്കിയത്.