കണ്ണൂര്‍: കെ.എം. ഷാജി എം.എല്‍.എ.ക്കെതിരായ കേസിന് ആസ്പദമായത് ലീഗ് അംഗത്തിന്റെ തന്നെ പരാതി. മുസ്ലിംലീഗിന്റെ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന നൗഷാദ് പൂതപ്പാറ പാര്‍ട്ടി നേതൃത്വത്തിനു നല്കിയ പരാതിയുടെ പകര്‍പ്പ് സഹിതമാണ് സി.പി.എം. നേതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ആരോപണം നിഷേധിച്ച ഷാജി വിജിലന്‍സ് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കമ്മിറ്റി വകയായി നടത്തുന്നതാണ് അഴീക്കോട് ഹൈസ്കൂള്‍. സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് അനുവദിക്കുമ്പോള്‍ പൂതപ്പാറയില്‍ മുസ്ലിം ലീഗ് ഓഫീസ് നിര്‍മിക്കാന്‍ ഒരു അധ്യാപക പോസ്റ്റിന് കൊടുക്കുന്ന തുകയ്ക്കു കണക്കായ തുക നല്‍കാമെന്നു സമ്മതിച്ചിരുന്നത്രെ. എന്നാല്‍, പണം കിട്ടിയിട്ടില്ലെന്നും എം.എല്‍.എ.ക്കു കൊടുത്തെന്നാണ് മാനേജ്മെന്റ് പറഞ്ഞതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നൗഷാദ് ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റിക്കു പരാതി നല്‍കിയത്. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് അയക്കുകയായിരുന്നു.
അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചെന്നു പറഞ്ഞ് പരാതിക്കാരനെ ലീഗില്‍നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, ലീഗിന്റെ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനയായ കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറാണ് കണ്ണൂര്‍ ഡി.ഐ.എസില്‍ അധ്യാപകനായ നൗഷാദ്.
ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍പ്പോലും വരാത്തത് -കെ.എം. ഷാജി
കോഴിക്കോട്: അഴീക്കോട് മണ്ഡലത്തില്‍പ്പെട്ട പൊതുപങ്കാളിത്തത്തോടെ നടക്കുന്ന സ്കൂളിന് പ്ലസ്ടു അനുവദിച്ചത് 2014-ലാണ്. സി.പി.എം. അങ്ങേയറ്റം വേട്ടയാടിയിട്ടും 2016-ലെ തിരഞ്ഞെടുപ്പില്‍പ്പോലും ഇത്തരമൊരു ആരോപണം ഉയര്‍ന്നിട്ടില്ലെന്ന് കെ.എം. ഷാജി എം.എല്‍.എ.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാറിനുവേണ്ടി പ്രവര്‍ത്തിച്ചതിന് മുസ്ലിംലീഗില്നിന്നു പുറത്താക്കിയ നൗഷാദാണ് 2017-ല്‍ ആദ്യം ആരോപണമുന്നയിച്ചത്. സി.പി.എം. നേതാക്കള്‍ വിഷയം ഏറ്റെടുത്ത് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.
സ്കൂള്‍ മാനേജര്‍ പി.വി. പദ്മനാഭന് ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിംലീഗ് നേതൃത്വമോ എം.എല്‍.എ.യോ പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് വിജിലന്‍സിന് മൊഴിനല്കിയതെന്ന് മാധ്യമങ്ങളോടു വ്യക്തമാക്കിയിട്ടുണ്ട്. തിടുക്കപ്പെട്ട് കേസെടുത്തത് പിണറായി കോടികള്‍ മുടക്കി കൃത്രിമമായി നിര്‍മിച്ച പ്രതിച്ഛായ തകര്‍ന്നതിന്റെ പകയാണ്. എം.എല്‍.എ.ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കില്‍ നിയമസഭയെ അറിയിക്കണം. നിയമസഭ ഇല്ലാത്തപ്പോഴാണെങ്കില്‍ എം.എല്‍.എ.യെ നേരിട്ടറിയിക്കണം. എന്നാല്‍, മാധ്യമങ്ങളിലൂടെയാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്നും ഷാജി പറഞ്ഞു.
Content Highlight: Vigilance Case: League member complaint against KM Shaji
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..