അറിവിന്റെ വെളിച്ചത്തിലേക്ക് ഉണര്‍ത്തണം എന്ന പ്രാര്‍ഥനകളോടെ ഇന്ന് വിദ്യാരംഭം. മിക്ക കുരുന്നുകളും ആദ്യാക്ഷരമധുരം നുണയുന്നത് വീടുകളില്‍നിന്നു തന്നെയാണെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. 

വിദ്യാദേവതയായ സരസ്വതിദേവിക്കു മുന്നില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക്‌ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. ഇത്തവണ വിജയദശമിനാളിലെ വിദ്യാരംഭം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ്.

വിഷ്ണുനടയില്‍ പുരുഷസൂക്താര്‍ച്ചന, സരസ്വതിനടയില്‍ സാരസ്വതസൂക്താര്‍ച്ചന എന്നിവയോടെ വിദ്യാരംഭദിന പൂജകള്‍ ആരംഭിച്ചു. പുലര്‍ച്ചെ സരസ്വതിമണ്ഡപത്തില്‍ തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് പൂജയെടുക്കുന്നതോടെ എഴുത്തിനിരുത്താരംഭിച്ചു.

നിയന്ത്രണങ്ങള്‍

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍ശനനിയന്ത്രണങ്ങളാണ് ഇത്തവണ. അപ്നാ ക്യൂ ആപ്പിലൂടെ മുന്‍കൂട്ടി പേരുനല്‍കിയവര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തിരക്കില്ലാതെ വിദ്യാരംഭത്തില്‍ പങ്കെടുക്കാം.

വാഹനങ്ങളിലെത്തുന്നവര്‍ക്ക് മൈതാനത്ത് വണ്ടി പാര്‍ക്കുചെയ്തിട്ട് വിശാലമായ പന്തലില്‍ വിശ്രമിക്കാം. ഇവിടെ അകലം പാലിച്ച് കസേരകള്‍ സജ്ജീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ശരീരോഷ്മാവ് പരിശോധിച്ച് സാനിറ്റൈസ് ചെയ്തശേഷമാകും ക്ഷേത്രത്തിലേക്ക് പ്രവേശനം. ആദ്യം വിഷ്ണുനടയിലും പിന്നീട് സരസ്വതിനടയിലും ദര്‍ശനം നടത്തി വിദ്യാമണ്ഡപത്തിലെത്താം.

മൂന്നുദിവസമായി നടന്നുവന്ന മുറജപം സമാപിച്ചു. ദക്ഷിണമൂകാംബി സംഗീതോത്സവം, കലോപാസന എന്നിവ മുടക്കമില്ലാതെ നടക്കുന്നു. തിരക്കൊഴിവാക്കാന്‍ സദസ്സില്‍ ആര്‍ക്കും പ്രവേശനമില്ല. വഴിവാണിഭക്കാരുംമറ്റും ഇല്ല.

വിദ്യാരംഭരീതിയിലും മാറ്റം

അകലം പാലിക്കുന്നതിനായി, എഴുത്തിനിരുത്തുന്ന രീതികള്‍ക്കും ചില മാറ്റങ്ങളുണ്ട്. ആചാര്യന്മാര്‍ക്കുപകരം രക്ഷിതാക്കള്‍തന്നെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ഹരിശ്രീ എഴുതിക്കണം. ആദ്യം നാവില്‍ സ്വര്‍ണംകൊണ്ട് എഴുതണം. പിന്നീട് വിരല്‍കൊണ്ട് അരിയിലും എഴുതിക്കണം.

ഇതിന് സ്വര്‍ണമോതിരം രക്ഷിതാക്കള്‍ കരുതണം. അരി, ഇല എന്നിവയൊക്കെ ക്ഷേത്രത്തില്‍ നിന്ന് നല്‍കും. പുറത്തുനിന്ന് മറ്റുവസ്തുക്കളൊന്നും അനുവദിക്കില്ല. 40 ആചാര്യന്മാര്‍ ഒരേസമയം എഴുതിച്ചിടത്ത്, നിര്‍ദേശങ്ങള്‍ നല്കാന്‍ മൂന്നോ നാലോ ആചാര്യന്മാര്‍മാത്രമേ വിദ്യാമണ്ഡപത്തില്‍ കാണൂ. എഴുത്തിനിരുത്ത് പൂര്‍ത്തിയാക്കി ഉപദേവതാനടകളില്‍ തൊഴുത് മടങ്ങണം.

ഏറ്റവും കൂടുതല്‍ പേര്‍ വിദ്യാരംഭത്തിന് എത്താറുളള തിരൂര് തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഒഴിവാക്കി. അതേ സമയം എഴുത്തച്ഛന്റെ കളരിയില്‍ പുസ്തക പൂജയ്ക്കും പ്രാര്‍ഥനയ്ക്കും അവസരം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാക്ഷ്യപത്രം, അക്ഷരമാല, ഹരിനാമകീര്‍ത്തനം എന്നിവയെല്ലാം അയച്ചുകൊടുക്കുന്നുണ്ട്. രാവിലെ ഏഴുമണിയോടെ എം.ടി.വാസുദേവന്‍ നായരുടെ ഓണ്‍ലൈന്‍ ഭാഷണവും തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിന്ന് നല്‍കുന്നുണ്ട്.

കൊല്ലൂര്‍ മൂകാംബികയില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിന് നട തുറന്നയുടന്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി. പ്രസിദ്ധമായ സരസ്വതീമണ്ഡപത്തിലും യാഗശാല വരാന്തയിലുമാണ് പൂജാരിമാരുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്ത് നടന്നത്.

കഴിഞ്ഞവര്‍ഷം 1600 കുഞ്ഞുങ്ങളാണ് വിദ്യാരംഭം കുറിച്ചെങ്കില്‍ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളാല്‍ അത് 80 ആയി കുറഞ്ഞു. വൈകുന്നേരം വിജയോത്സവത്തോടെ നവരാത്രി, വിജയദശമി ആഘോഷങ്ങള്‍ക്ക് സമാപനമായി.