ഇടുക്കി: കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഫൗസിയ ദുരന്തത്തിന് തൊട്ടുമുമ്പ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. വീടിന് സമീപത്തെ ചവിട്ടുപടികളില്‍ വെള്ളം ആര്‍ത്തലച്ച് എത്തുന്നതും ആശങ്കയോടെ നില്‍ക്കുന്ന കുട്ടികളുടെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തൊട്ടുപിന്നാലെയാണ് കലിതുള്ളി ഒലിച്ചെത്തിയ പാറയും വെള്ളവും ഫൗസിയയുടെയും മക്കളുടെയും ജീവനെടുത്തത്. 

ബന്ധുവിന്റെ വിവാഹത്തിനെത്തിയ ഫൗസിയയും മക്കളായ അമീനും അംനയും സഹോദരന്റെ മക്കളായ അഫ്‌സാനും അഹിയാന്റെയും ജീവനാണ് ദുരന്തില്‍ നഷ്ടമായത്. ഭാര്യയേയും രണ്ട് മക്കളും ഉള്‍പ്പെടെ അഞ്ചു പേരെ നഷ്ടമായ സിയാദായിരുന്നു ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ച. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച ഫൗസിയയുടെയും കുട്ടികളുടെയും ഉള്‍പ്പെടെ ആറു പേരുടെ മൃതദേഹം കണ്ടെത്തിയത്. 

മണ്ണില്‍ പുതഞ്ഞ കുട്ടികളുടെ മൃതദേഹം ഓരോന്നായി പുറത്തെടുത്തപ്പോള്‍ രണ്ട് കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ച നിലയിലും ഒരാള്‍ തൊട്ടിലില്‍ കിടന്നുറങ്ങുന്ന നിലയിലുമായിരുന്നു. അഹിയാന്‍, അഫ്സാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പുണര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അംനയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഫൗസിയയുടേയും അമീന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. 

content highlights: video visuals before kokkayar landslide