ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിലെത്തിയപ്പോൾ
കൊച്ചി: കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള സംഘത്തോട് മോണ്സന് മാവുങ്കല്‍ കയര്‍ത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇപ്പോഴത്തെ തട്ടിപ്പുകള്‍ പുറത്തറിയുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ശ്രീവല്‍സം ഗ്രൂപ്പ് നല്കിയ പരാതി അന്വേഷിക്കാനാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മോണ്സന് താമസിക്കുന്ന എറണാകുളം കലൂരിലെ വീട്ടിലെത്തിയത്.
ആറരക്കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ശ്രീവല്‍സം ഗ്രൂപ്പ് നല്കിയ പരാതി. ഇത് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് മോണ്സന് ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചത്. സംഭാഷണം മുഴുവന്‍ താന്‍ ചിത്രീകരിക്കുമെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയില്ലെന്നും മോന്സണ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. ഡി.ജി.പിക്കും ഹൈക്കോടതിയിലും പരാതി നല്‍കുമെന്നും ചേര്‍ത്തലയിലെ വീട്ടില്‍ പോയി പരിസരവാസികളോട് തന്നേക്കുറിച്ച് അന്വേഷിച്ചത് എന്തിനാണെന്നും മോന്സണ് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
തന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നും മോന്സണ് പറഞ്ഞു.തന്റെ വീട്ടില്‍ പോകാനും ഭാര്യയോട് താനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കാന്‍ എന്ത് കാര്യമെന്നും ചോദിക്കുന്നുണ്ട്. വീട്ടില്‍ വരാറുണ്ടോയെന്നും പെരുന്നാള്‍ നടത്തിയത് സംബന്ധിച്ചും അന്വേഷിക്കേണ്ട കാര്യമെന്താണെന്നും മോന്സണ് ചോദിക്കുന്നുണ്ട്. പിന്നീട് മോന്‍സണുമായി ബന്ധമുള്ള ഒരു എസ്.ഐ വീഡിയോയില്‍ എത്തുന്നുണ്ട്. തന്റെ ഉന്നത ബന്ധങ്ങള്‍ കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് പോലും മോന്സണ് ഉപയോഗിച്ചുവെന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
അതേസമയം മോന്സണ് കൃത്യമായ മറുപടിയാണ് ഡി.വൈ.എസ്.പി നല്‍കുന്നത്. ഒരു കേസ് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും, ഡി.ജി.പി അല്ല ആര് പറഞ്ഞാലും താന്‍ കേസ് അന്വേഷിക്കുമെന്നും സത്യസന്ധമായി തന്നെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഡി.വൈ.എസ്.പി മോന്സണ് മറുപടി നല്‍കുന്നുണ്ട്.
Content Highlights: video of monson indimidating police official out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..