വി.സിമാരുടെ രാജിയാവശ്യപ്പെടാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ല, ഗവര്‍ണറുടേത് ഗൂഢലക്ഷ്യം- ടി.കെ നാരായണന്‍


അജ്‌നാസ് നാസര്‍

ആരിഫ് മുഹമ്മദ് ഖാൻ, ഡോ. ടി.കെ നാരായണൻ

സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍മാരോടും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിയാവശ്യപ്പെട്ടിരിക്കയാണ്. വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കാന്‍ വിസമ്മതിച്ചതോടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അസാധാരണമായ ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലറും കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാറുമായ ഡോ. ടി.കെ നാരായണന്‍.

വൈസ് ചാന്‍സിലര്‍മാരോട് രാജിയാവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ?ഗവര്‍ണര്‍ക്ക് അത്തരമൊരു നിര്‍ദേശം നല്‍കാനുള്ള യാതൊരു അധികാരവുമില്ല. ഗവര്‍ണര്‍ക്ക് ബൈ വെര്‍ച്യു ഓഫ് ഹിസ് ഓഫീസ് എന്ന് പറഞ്ഞിട്ടാണ് ചാന്‍സിലര്‍ പദവി ലഭിക്കുന്നത്. ചാന്‍സിലര്‍ എന്നത് യഥാര്‍ഥത്തില്‍ സ്റ്റേറ്റ് ലെജിസ്ലേഷന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. സ്റ്റേറ്റ് ലെജിസ്ലേഷനിലാണ് സര്‍വകലാശാലകള്‍ വരുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ചാന്‍സലര്‍ ബാധ്യസ്ഥനാണ്. സംസ്ഥാന സര്‍ക്കാരിനോ വിദ്യാഭ്യാസ മന്ത്രിക്കോ സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടുന്നതിന് ഒരു പ്രശ്‌നവും ഇല്ല. കാരണം, വിദ്യാഭ്യാസം സംസ്ഥാന വിഷയം കൂടിയാണ്. എണ്‍പത് ശതമാനത്തിലധികം ഫണ്ട് നല്‍കുന്നത് സംസ്ഥാനമാണ്. മറ്റൊരുകാര്യം, സംസ്ഥാന നിയമസഭ പാസാക്കിയ നിയമം അനുസരിച്ചുള്ള അവകാശങ്ങള്‍ മാത്രമേ ഗവര്‍ണര്‍ക്കുള്ളു. അതില്‍ കൂടുതല്‍ ഒരു അധികാരങ്ങളുമില്ല. എന്തൊക്കെയാണ് അധികാരങ്ങള്‍ എന്നുള്ളത് ഈ നിയമങ്ങളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. വൈസ് ചാന്‍സിലറെ പുറത്താക്കുന്നതിനെ കുറിച്ച് കൃത്യമായ ചട്ടങ്ങള്‍ നിലവിലുണ്ട്. സാമ്പത്തിക ക്രമക്കേട്, പെരുമാറ്റദൂഷ്യം എന്നിവ കാരണം മാത്രമേ വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കാന്‍ കഴിയുകയുള്ളു. ഈ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടാല്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ രൂപീകരിച്ച് വി.സിമാര്‍ക്കെതിരെ അന്വേഷണം നടത്തി തെളിയിക്കപ്പെട്ടാല്‍ മാത്രമേ പുറത്താക്കാന്‍ കഴിയുകയുള്ളു. ഏതൊരു തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമ്പോഴും അതിന് ഉത്തരവാദപ്പെട്ട വ്യക്തിയോട് വിശദീകരണം ചോദിക്കുക എന്നുള്ളതല്ലേ സ്വാഭാവികമായ രീതി. അതുപോലും ഇവിടെയുണ്ടായില്ല. വൈസ് ചാന്‍സിലര്‍മാര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക പോലും ചെയ്യാതെയാണ് രാജി ആവിശ്യപ്പെട്ടിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലയിലെ വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നാണ് ഗവര്‍ണര്‍ ഉന്നയിക്കുന്ന വാദം

ഒരു കോവാറന്റോ എന്നത് ഒരു വ്യക്തിക്ക് എതിരെ മാത്രം ഉണ്ടാകുന്നതാണ്. അതൊരു ജനറല്‍ ഓർഡറല്ല. പൊതുവായ ജഡ്ജുമെന്റായി പരിഗണിക്കാനാവില്ല. കോവാറന്റോ ഉപയോഗിച്ച് മറ്റുള്ളവരെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് സാധിക്കില്ല. ചാന്‍സലര്‍ക്ക് വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാന്‍ പറയാന്‍ സാധിക്കുന്ന ഏത് വകുപ്പാണ് നമ്മുടെ സര്‍വകലാശാല നിയമങ്ങളില്‍ ഉള്ളതെന്ന് ഗവര്‍ണര്‍ പറയട്ടെ.

സെര്‍ച്ച് കമ്മറ്റിയുടെ ശുപാര്‍ശ യു.ജി.സി വ്യവസ്ഥയ്ക്ക് വിരുദ്ധമാണെങ്കില്‍ വി.സി നിയമനം തന്നെ അസാധുവായി കണക്കാക്കപ്പെടുമെന്നാണ് രാജ്ഭവന്‍ പറയുന്നത്.

സെര്‍ച്ച് കമ്മറ്റിയില്‍ ഒരു യു.ജി.സി പ്രതിനിധിയുണ്ട്. ആ യു.ജി.സി നോമിനി നല്‍കുന്ന സെര്‍ച്ച് കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ച് നിയമനം നടത്തുന്നത് ചാന്‍സലറാണ്. ഗവര്‍ണര്‍ക്ക് ഈ യൂ.ജി.സി നിയമങ്ങളെ കുറിച്ച് പ്രാഥമികമായ അറിവുണ്ടെങ്കില്‍ അദ്ദേഹം ആ നിയമനം നടത്താന്‍ പാടില്ലല്ലോ. അപ്പോള്‍ ഇവിടെ തെറ്റുകാരന്‍ ചാന്‍സലറല്ലേ. അങ്ങനെയാവുമ്പോള്‍ ചാന്‍സലറല്ലേ രാജിവെക്കേണ്ടത്. ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ ചുമതലയല്ലേ. ഈ നിയമം ഇപ്പോള്‍ ഉണ്ടായതല്ലല്ലോ. ജസ്റ്റിസ് സദാശിവം ചാന്‍സലറായപ്പോഴും അതിനു മുന്‍പും ഒക്കെ ഈ നിയമമുണ്ടായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഖാദര്‍ മാങ്ങാട്ടിനെ നിയമിച്ചപ്പോഴും അതുണ്ടായിരുന്നു. അപ്പോഴൊന്നും നോക്കാത്ത നിയമം ഇപ്പോള്‍ മാത്രം നോക്കുന്നത് നല്ല ഉദ്ദേശത്തോടയല്ലെന്നുള്ളത് എല്ലാവര്‍ക്കും വ്യക്തമാണ്. സെര്‍ച്ച് കമ്മറ്റിയുടെ മുകളില്‍ തീരുമാനമെടുക്കാന്‍ ഇവര്‍ക്കെന്താണ് അവകാശം. ഏറ്റവും യോഗ്യതയുള്ള വ്യക്തികള്‍ അടങ്ങുന്നതാണ് സെര്‍ച്ച് കമ്മറ്റി. അക്കാമദിക്ക് മികവ് മാത്രമല്ലല്ലോ ഒരു നല്ല വി.സിയുടെ യോഗ്യത. അയാള്‍ മികച്ച അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാവണം. ഒന്നിലേറെ പേരുള്ള പാനല്‍ വെക്കണം എന്നാണ് പറയുന്നത്. അതില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ ഒന്നാമത്തെ ആളെ മാറ്റി മൂന്നാമത്തെ ആളെ നിയമിക്കുന്നതൊക്കെ ശരിയാണെന്നാണോ പറയുന്നത്.

ഗവര്‍ണര്‍ നടത്തുന്ന ഇടപെടലുകള്‍ അക്കാദമിക് താല്‍പര്യം കൊണ്ടുള്ളതല്ല എന്നാണോ?

രാജ്യത്തെ തന്നെ ഏറ്റവും മികച്ച അക്കാദമിഷ്യന്‍മാരാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരായുള്ളത്. ഇല്ലാത്ത അധികാരമുപയോഗിച്ച് ഇവരെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അക്കാദമിക്ക് താല്‍പര്യം കൊണ്ടാണെന്ന് വിശ്വസിക്കാനാവില്ല. താരതമ്യേന നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിലെ സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഗവര്‍ണറുടെ ലക്ഷ്യം. സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കി നാഷണല്‍ എജുക്കേഷന്‍ പോളിസി ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. സമാനമായ നിരവധി സംഭവങ്ങള്‍ കേരളത്തിന് പുറത്തും ഉണ്ടായില്ലേ? ബീഹാറിലെയും ഗുജറാത്തിലെയും നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കുന്ന സംഭവം ഉണ്ടായില്ലേ. ബീഹാറില്‍ മാത്രം ഏഴ് സര്‍വകലാശാലകളിലെ നിയമനം റദ്ദാക്കി. അവിടെ യുജിസി മാനദണ്ഡം പാലിക്കണമെന്ന് അവിടത്തെ ചാന്‍സിലര്‍ എഴുതിയിട്ടും അത് വെച്ചുതാമസിപ്പിച്ച് അവരുടെ സ്വന്തം ആളുകളെ തിരുകിക്കയറ്റി അതുമുഴുവന്‍ സുപ്രീംകോടതി റദ്ദാക്കുന്ന സാഹചര്യമുണ്ടായി. ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റിയിലും സമാനമായ സംഭവങ്ങളുണ്ടായി. കേരളത്തിലേത് ഒറ്റപ്പെട്ട സംഭവമല്ല.

Content Highlights: vice chancellor appointment kerala governor arif mohammad khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented