ന്യൂഡല്‍ഹി: കേരള ടൂറിസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ബീഫിന്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് കേരള ടൂറിസത്തിന്റെ നടപടിയെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്റ് ചെയ്തു.

'ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ, അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ ഈ ട്വീറ്റ്? പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് പേരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തില്ലേ? ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍നിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് ഉണ്ടായത്?', വിനോദ് ബന്‍സാല്‍ ട്വീറ്റില്‍ ചോദിക്കുന്നു. 

ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെ ഉപദേശിക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ ടാഗ് ചെയ്താണ് വിനോദ് ബന്‍സാലിന്റെ ട്വീറ്റ്.

നിങ്ങളുടെ വിനോദസഞ്ചാരികളില്‍ പശുവിനെ ആരാധിക്കുന്ന നിരവധി പേരുണ്ടെന്നും ആ ഭക്തരുടെ മതപരമായ വികാരങ്ങളെ മുറപ്പെടുത്തുന്ന വിധത്തിലുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന കാര്യം കേരള ടൂറിസം വകുപ്പ് മനസ്സിലാക്കണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറയുന്നു. കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്രം ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍, ടൂറിസം മന്ത്രാലയം എന്നിവരെ ടാഗ് ചെയ്താണ് ഈ ട്വീറ്റ്.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ബുധനാഴ്ച ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്യപ്പെട്ടത്. തേങ്ങാക്കൊത്തും കറിവേപ്പിലയും മസാലകളും ചേര്‍ത്ത് ചെറുതീയില്‍ പാചകംചെയ്ത ബീഫിന്റെ രുചി വിവരിക്കുന്നതാണ് ട്വീറ്റ്. സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട വിഭവമാണിതെന്നും ട്വീറ്റില്‍ പറയുന്നു.

വൈകാതെതന്നെ ട്വീറ്റിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ബീഫിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് രംഗത്തെത്തിയവരില്‍ ഏറെയും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. അതേസമയം, ബീഫിന്റെ രുചി വിവരിച്ചുകൊണ്ടും ട്വീറ്റിനെ പിന്തുണച്ചുകൊണ്ടും മലയാളികളുടെ നിരവധി പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Content Highlights: VHP on Kerala Tourism's beef tweet