തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ്.മണി(79) അന്തരിച്ചു. കേരളകൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും. 

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി അദ്ദേഹം വീട്ടില്‍ത്തന്നെ ചികിത്സയിലായിരുന്നു. ഭാര്യ: ഡോ.കസ്തൂരിബായി (ഫാര്‍മക്കോളജി മുന്‍ അസോഷ്യേറ്റ് പ്രൊഫസര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്), മക്കള്‍: വത്സാ മണി, സുകുമാരന്‍ മണി. കേരളകൗമുദി മുന്‍ റെസിഡന്റ് എഡിറ്റര്‍ എസ്. ഭാസുര ചന്ദ്രന്‍ മരുമകനാണ്. 

കേരളകൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെയും മാധവിയുടെയും മകനാണ്. 1941 നവംബര്‍ നാലിന് കൊല്ലത്താണ് ജനനം. പേട്ട ഗവണ്‍മെന്റ് സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. 

1961ല്‍ കേരളകൗമുദിയിലൂടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍നിന്ന് കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. മാധ്യമരംഗത്തെ മികവിന് 2018ലെ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അംബേദ്കര്‍, കേസരി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പരേതരായ എം.എസ്. മധുസൂദനന്‍, എം.എസ്. ശ്രീനിവാസന്‍, എം.എസ്. രവി എന്നിവര്‍ സഹോദരങ്ങളാണ്. കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി സഹോദരപുത്രനാണ്. 

മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ അനുശോചിച്ചു

എം.എസ്. മണിയുടെ മരണത്തില്‍ മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ അനുശോചിച്ചു. മാധ്യമരംഗത്തെ അതികായനായിരുന്നു എം.എസ്.മണി. അടിയന്തരാവസ്ഥ കാലത്ത് ധീരമായ നിലപാടെടുക്കുകയും മാധ്യമസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയും ചെയ്ത മഹാനായ മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും ശ്രേയാംസ്‌കുമാര്‍ അനുസ്മരിച്ചു.

content highlights: veteran journalist m.s.mani passed away