തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയകൊലക്കേസിലെ വിചാരണ നടപടികൾ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ പൂർത്തിയായി. കേസിൽ ഡിസംബർ 22ന് കോടതി വിധി പറയും. അഭയ കൊല്ലപ്പെട്ട് മൂന്ന് പതിറ്റാണ്ടാകുമ്പോഴാണ് കേസിൽ വിധി പറയാനൊരുങ്ങുന്നത്.

ഒരു വർഷവും മൂന്നര മാസവും നീണ്ട വിചാരണയ്ക്ക് ശേഷമാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ. സനൽകുമാർ കേസിൽ വിധിപറയുന്നത്. ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. 49 പേരെയാണ് സാക്ഷികളായി പ്രോസിക്യുഷൻ വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി ആരേയും വിസ്തരിച്ചില്ല.

1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിൽ കിണറ്റിൽ 19കാരിയായ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാർച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോർട്ട് നൽകിയെങ്കിലും കോടതി ഉത്തരവിനെ തുടർന്ന് 2007ൽ സിബിഐയുടെ പുതിയ അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു.

തുടക്കത്തിൽ പോലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചത് മുതൽ അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതടക്കമുള്ള സുപ്രധാന കണ്ടെത്തലുകളാണ് സി.ബി.ഐ അന്വേഷണത്തിൽ വഴിത്തിരിവായത്. 2008 നവംബർ 19ന് ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ. ജോസ് പൂതൃക്കയിൽ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കാണാനിടയായതിനെ തുടർന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

2009 ജൂലൈ 17ന് കുറ്റപത്രം നൽകി. പിന്നീട് പ്രതികൾ വിടുതൽ തേടി കോടതിയെ സമീപിച്ചതടക്കമുള്ള നിയമനടപടികൾ കാരണം വിചാരണ തുടങ്ങാൻ പത്ത് വർഷം വൈകി. ജോസ് പുതൃക്കയലിന്റെ വിടുതൽ ഹർജി അംഗീകരിച്ച് കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 26നാണ് അഭയ കേസിനെറ വിചാരണ നടപടികൾ ആരംഭിച്ചത്. ആകെ 177 സാക്ഷികളുണ്ടായിരുന്ന കേസിൽ 49 പേരെയാണ വിസ്തരിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായ സിസ്റ്റർ അനുപമ, പയസ് ടെൻത് കോൺവെന്റിന് സമീപം താമസിച്ചിരുന്ന സഞ്ജു പി മാത്യു എന്നിവരടക്കം പത്തോളം സാക്ഷികൾ കൂറുമാറിയത് സിബിഐക്ക് തിരിച്ചടിയായി. എന്നാൽ സംഭവ ദിവസം തോമസ് കോട്ടൂരിനെ കോൺവെന്റിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്റെ മൊഴിയാണ് സാക്ഷി വിസ്താരത്തിൽ നിർണ്ണായകമായത്.

പ്രതികളുടെ നാർക്കോ അനാലിസിസ് അടക്കം നടത്തിയിരുന്നെങ്കിലും തെളിവായി കോടതി ഇത് സ്വീകരിച്ചില്ല. കൂറുമാറിയ സഞ്ചുവിനും സിസ്റ്റർ അനുപമയ്ക്കുമെതിരേ സി.ബി.ഐ ക്രിമിനൽ കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ്.

content highlights:verdict on Sister Abhaya murder case,december 22