കൊല്ലപ്പെട്ട ഹഖ് മുഹമ്മദും മിഥിലാജും | Photo: Special Arrangement
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം. ഐ.എന്‍.ടി.യു.സി. പ്രാദേശിക നേതാവ് ഉണ്ണി, സഹോദരന്‍ സനല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. കൊലപാതകത്തിന്റെ ആസൂത്രണത്തിലും പ്രതികളെ രക്ഷപ്പെടുത്തിയതിലും ഇരുവരുടെയും പങ്ക് പോലീസ് പരിശോധിക്കുന്നുണ്ട്.
കേസില്‍ വലിയരീതിയില്‍ ആസൂത്രണം നന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്ന സൂചന. ഇതിന്റെ ഭാഗമായാണ് ഐ.എന്‍.ടി.യു.സി. നേതാക്കള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നത്. ഉണ്ണി എന്നയാള്‍ നേരത്തെയും ക്രിമനല്‍ കേസുകളില്‍ പ്രതിയായിരുന്ന ആളാണ്. ഇയാളുടെ സഹോദരന്‍ സനലിനും പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ ഇരുവരും സഹായിച്ചു എന്ന സംശയവും പോലീസിനുണ്ട്.
വെമ്പായം സ്വദേശി മിഥിലാജ് (32) ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ വെട്ടി കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും തേമ്പാമൂട് വെച്ച് തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സി.പി.എം. ആരോപിച്ചിരുന്നു.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റിലായി. ഷജിത്ത് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെയാണ് പിടികൂടിയത്. ഇയാളെ തടിമില്ലില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കൂടാതെ നാല് പേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വെള്ളി സജീവ് എന്നയാള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. സജീവാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം. നേതാക്കള്‍ ആരോപിച്ചിരുന്നു. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അതേ സമയം പാര്‍ട്ടി ഭാരവാഹിത്വം എന്തെങ്കിലും ഇയാള്‍ വഹിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. എന്നാല്‍ നേരത്തെ സി.പി.എം.-കോണ്‍ഗ്രസ് സംഘര്‍ഷം നടക്കുന്ന സമയങ്ങളിലൊക്കെ ഇയാള്‍ അക്രമസംഭവങ്ങളുടെ ഭാഗമായിട്ടുണ്ട്.
Content Highlights: venjarammoodu double murder- Investigation against INTUC leaders who helped the accused escape
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..