-
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. പിടിയിലായവരെല്ലാം കോണ്‍ഗ്രസ് ബന്ധമുള്ളവരാണ്. ആറ് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മറ്റ് രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. ഒളിവിലായിരുന്ന അന്‍സാര്‍, ഉണ്ണി എന്നിവര്‍ ഇന്ന് രാവിലെയാണ് പോലീസ് പിടിയിലായത്. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ഒരു സ്ത്രീയും കസ്റ്റഡിയിലുണ്ട് .
കൃത്യത്തിന്റെ ആസൂത്രണത്തിലും മുഖ്യ പ്രതികളെ സഹായിച്ചതിലും അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റാണ് ഉച്ചയോടെ രേഖപ്പെടുത്തുക. ഇവരോടൊപ്പം ഇന്ന് പുലര്‍ച്ചെ പിടിയിലായ അന്‍സാറും ഉണ്ണിയുമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ട് പേര്‍. ഇവരുടെ അറസ്റ്റ് നാളെയാവും രേഖപ്പെടുത്തുക.
രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്നതിന് കൂടുതല്‍ വ്യക്തത പോലീസിന് വന്നിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന പല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടര്‍ക്കുമെതിരെ നിരവധി കേസുകളും ഉണ്ടായിരുന്നു.
നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്ന് പോലീസ് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴുത്തിലും തലയിലും കൈയ്യിലും മാരകമായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വലിയ ഗൂഢാലോചന സംഭവത്തിന് പിന്നില്‍ നടന്നിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. പ്രതികളെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രത്യേകം പ്രത്യേകം തെളിവെടുപ്പിന് എത്തിക്കും.
കൊലപാതകത്തിന് ശേഷം ഇന്നലെ ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരേ വ്യാപക അക്രമം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മിഥിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമാണ്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..