തിരുവനന്തപുരം: വേങ്ങര മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ സാധ്യത. വേങ്ങരയില്‍ എന്‍.ഡി.എയ്ക്ക് വലിയ സാധ്യതയൊന്നുമില്ലാത്തത് കൊണ്ട് തന്നെ ബി.ജെ.പിയുടെ ഏതെങ്കിലും ജില്ലാ നേതാവിനെ മത്സരിപ്പിക്കാനായിരുന്നു ധാരണ. എന്നാൽ തിരുവനന്തപുരത്ത് ബി.ജെ.പി കോര്‍കമ്മിറ്റി യോഗമാണ് ബി.ജെ.പി സംസ്ഥാന നേതാവിനെ തന്നെ മത്സരിപ്പിക്കാന്‍ ധാരണയായത്. ശോഭാ  സുരേന്ദ്രന്റെ പേരാണ് യോഗത്തില്‍ ഉയര്‍ന്ന് വന്നതെങ്കിലും ഇതിന് അന്തിമ തീരുമാനമായിട്ടില്ല.

ബി.ജെ.പിക്ക് സംസ്ഥാനത്ത് വോട്ട് കുറഞ്ഞ മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 7055 വോട്ട് മാത്രമാണ് ഇവിടെ ലഭിച്ചത്. രാഷ്ട്രീയ സാഹചര്യം ഇങ്ങനെയാണെങ്കിലും ശക്തമായ മത്സരം ഇത്തവണ വേങ്ങരയില്‍ കാഴ്ചവെക്കണമെന്നാണ് ബി.ജെ.പിയുടെ തീരുമാനം. അതുകൊണ്ട് തന്നെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലെയുള്ള ഒരു പ്രധാന നേതാവിനെ വേങ്ങരയിലേക്ക് ബി.ജ.പി പരിഗണിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ പേരാണ് പൊതുവെ ഉയര്‍ന്ന് വരുന്നതെങ്കിലും മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്ണന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിന് ശേഷം എന്‍.ഡി.എയുടെ യോഗവും നടക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമുണ്ടാകും.