ആലപ്പുഴ: കേരളത്തില്‍ നേടിയ ചരിത്രവിജയത്തില്‍ എല്‍.ഡി.എഫിനെ പ്രശംസിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മേഴ്‌സിക്കുട്ടിയമ്മ തോല്‍വി അര്‍ഹിക്കുന്നുവെന്നും കെ.ടി. ജലീലിന്റേത് സാങ്കേതികമായി പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേയും രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. 

നിരവധി വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടുകൊണ്ട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തകര്‍ന്നുപോവുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ജനങ്ങള്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ കൈവിടാതെ കൈവെള്ളയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുവന്നു. അത് സര്‍ക്കാരിന്റെ നന്മ കൊണ്ടാണെന്ന് മനസ്സിലാക്കണം. അന്നവും ക്ഷേമവും തന്ന് സഹായിച്ച എല്‍.ഡി.എഫ്. സര്‍ക്കാരിന് അടിസ്ഥാനവര്‍ഗം നല്‍കിയ വിജയമാണ്. ഇടതുപക്ഷ സര്‍ക്കാരെന്നാല്‍ പാവപ്പെട്ടവന്റെ സര്‍ക്കാരാണ്. 

നിരവധി എം.എല്‍.എമാരെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോള്‍ എല്‍.ഡി.എഫ്. തോല്‍ക്കുമെന്ന് പലരും കരുതി. എന്നാല്‍, ഈ മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മനസ്സിലായി. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയുടേത് അര്‍ഹതപ്പെട്ട തോല്‍വിയാണ്. പേര് കൊണ്ട് മേഴ്‌സിക്കുട്ടി ആണെങ്കിലും മേഴ്‌സി ഇല്ലാത്ത മന്ത്രിയാണ് അവര്‍. മുന്‍പുള്ള അവരുടെ പെരുമാറ്റത്തില്‍നിന്ന് അത് കണ്ടതാണ്. അതുകൊണ്ടാണ് 30,000 വോട്ടിന് മുന്‍പ് ജയിച്ചിരുന്ന മേഴ്‌സിക്കുട്ടിയമ്മ ഇപ്പോള്‍ തോറ്റുപോയത്. അവര്‍ക്ക് ജനകീയമുഖമില്ല, പകരം ബൂര്‍ഷ്വാ മനോഭാവമാണുള്ളത്.

കെടി ജലീലിന്റേയും ജയം സാങ്കേതികമായി പരാജയമാണ്. ചെറിയ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ജലീല്‍ മലപ്പുറത്തിന്റെ മാത്രം മന്ത്രിയായാണ് പ്രവര്‍ത്തിച്ചത്. അത് പാടില്ലായിരുന്നു. അതിന്റെ ദൈവശിക്ഷ അദ്ദേഹത്തിന് ലഭിച്ചു. ഇരുവര്‍ക്കും ഇത്തവണ ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടിയെന്നത് സന്തോഷിപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

എത്ര വയസ്സായാലും, കാലങ്ങളായി അധികാരത്തില്‍ ഇരുന്നാലും കസേരയില്‍നിന്ന് മാറില്ല, അത് അവകാശമാണെന്ന് കരുതിയ ചിലര്‍ക്ക് ജനം കൊടുത്ത താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് തോറ്റതില്‍ സന്തോഷമുണ്ട്. പല കോണ്‍ഗ്രസുകാരേയും താന്‍ അടുപ്പിക്കാറില്ല. എന്നാല്‍, അവര്‍ എന്നെ ദ്രോഹിച്ചിട്ടുണ്ട്, തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നോട് ക്രൂരത കാണിച്ച ഒറ്റ കോണ്‍ഗ്രസുകാരനും എന്റെ ജില്ലയില്‍ നിന്ന് ജയിച്ചിട്ടില്ല.

ആക്ഷേപിച്ചും അധിക്ഷേപിച്ചും എന്റെ ചോരയ്ക്ക് വേണ്ടി കൊതിച്ചവരാണ് കോണ്‍ഗ്രസുകാര്‍. എന്നാലും ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കേരളത്തിലുണ്ടായ അധഃപതനത്തില്‍ ദുഃഖവുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിരോധമില്ല. ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെങ്കില്‍ അത് അവരുടെ നയത്തിന്റെ കുറവാണ്. തെറ്റു തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം.കോണ്‍ഗ്രസിന് അടിസ്ഥാനവര്‍ഗക്കാരോട്, ഈഴവരോട് അവഗണനയാണ്. എന്നാല്‍ ഇടതുപക്ഷം അങ്ങനെയല്ല. എല്ലാ പിന്തുണയും നല്‍കി. തിരഞ്ഞെടുപ്പില്‍ അവര്‍ ഈഴവരെ പരിഗണിച്ചു, ജയിപ്പിച്ചു. ഇനിയും എല്‍.ഡി.എഫ്. സര്‍ക്കാര്‍ അവരെ മറക്കരുത്. 

ഞാന്‍ ഒരിക്കലും പിണറായി വിജയന്റെ ഔദാര്യത്തിന് പോയിട്ടില്ല. എന്നാല്‍ സുകുമാരന്‍ നായര്‍ കയറിയിറങ്ങി. എല്ലാം കഴിഞ്ഞിട്ട് അവര്‍ക്കിട്ട് കുത്തി. സുകുമാരന്‍ നായര്‍ എന്നാല്‍ നന്ദികേടാണ്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വിമുക്ത കേരളമെന്ന ബി.ജെ.പിയുടെ ലക്ഷ്യം വിജയിച്ചുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Vellappally Natesan praises LDF victory in Kerala, slams UDF