ആലപ്പുഴ: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസികളെ തെരുവിലിറക്കിയത് ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. തുറന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് സമരങ്ങള്‍ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 

സമരക്കാര്‍ മറ്റ് ഹിന്ദു വിഭാഗങ്ങളോട് ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയില്ല. ഈഴവ സമുദായത്തോടോ, പട്ടികജാതി പട്ടികവര്‍ഗത്തോടോ കൂടിയാലോചന നടത്തിയില്ല. അടുത്ത വിമോചന സമരമാണോ ഇവര്‍ ലക്ഷ്യമിടുന്നത്. സമരക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ സമാനമനസ്‌കരുമായി സഹകരിച്ച്‌  എസ്.എന്‍.ഡിപി യോഗം രംഗത്തിറങ്ങും. 

ദേവസ്വം ബോര്‍ഡും മറ്റ് സ്ഥാനങ്ങളും സവര്‍ണ വിഭാഗങ്ങളാണ് കയ്യാളുന്നത്. നാല് ശതമാനം മാത്രമാണ് ഇവിടങ്ങളിലെ അവര്‍ണ്ണ പ്രാതിനിധ്യം. ശബരിമലയിലെ പല ചടങ്ങുകളും അവര്‍ണ്ണരില്‍ നിന്ന് സവര്‍ണ്ണര്‍ പിടിച്ചെടുത്തു. 1991 ന് ശേഷം മാത്രമാണ് സ്ത്രീ പ്രവേശനം ഇല്ലാതായത്. സമരത്തിന്റെ പേരിലുള്ള കലാപങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. 

സര്‍ക്കാരിന്റെ നിരപരാധിത്വം വളരെ വ്യക്തമാണ്. കഴിഞ്ഞ ദിവസം പിണറായി കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. തന്ത്രി കുടുംബം മാത്രമല്ല കേരളത്തിലെ ഹിന്ദു പ്രമുഖര്‍. മറ്റ് വിഭാഗങ്ങളെയും ചര്‍ച്ചകള്‍ക്ക് വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളുടെ യോഗം വിളിക്കും. നിഴലിനോട് യുദ്ധം ചെയ്യുകയാണ് സമരക്കാര്‍ ചെയ്യുന്നത്. നുണ പറഞ്ഞ് നേരാക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവരുടേത്.

എസ്.എന്‍.ഡി.പി യോഗത്തിലുള്ള വനിതകള്‍ ശബരിമലയില്‍ പോകില്ല. പക്ഷെ പോകുന്നവരെ തടയാനും പാടില്ല. ദേവസ്വം ബോര്‍ഡില്‍ എന്നും അയിത്തം നേരിടുന്നവരാണ് ഞങ്ങള്‍. 

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിലപാട് ഇല്ലാത്തയാളാണ്. സി.പി.എമ്മിന് എതിരായാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.