ആലപ്പുഴ : അരൂരില്‍ സിപിഎമ്മിനെ തോല്‍പിച്ചത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പിഴവെന്ന് വെള്ളാപ്പള്ളി നടേശന്‍. മനു സി പുളിക്കലിനെ മണ്ഡലത്തില്‍ അറിയില്ല. കോന്നിയിലെയും വട്ടിയൂര്‍കാവിലെയും വിജയത്തിന് ഇടതുമുന്നണി നന്ദി പറയേണ്ട് സുകുമാരന്‍ നായരോടാണെന്നും വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

"വിജയ സാധ്യതയും ജനപ്രീതിയും പരിഗണിക്കാതെയുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് അരൂരില്‍ സിപിഎമ്മിനെ തോല്‍പിച്ചത്. മനു സി പുളിക്കല്‍ പാര്‍ട്ടിക്ക് പറ്റിയ തെറ്റാണ്. പാര്‍ട്ടി കമ്മറ്റി കൂടി പാസ്സാക്കിയ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സ്ഥാനാര്‍ഥി ജയിക്കില്ല. ജനങ്ങളറിയുന്ന അറിയപ്പെടുന്ന ആളെ നിര്‍ത്തണം.  ജയ സാധ്യതയുള്ള ആളെ നിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടി പരജായപ്പെട്ടു".

ഷാനിമോള്‍ക്ക് സഹതാപതരംഗം തുണയായി. എന്‍എസ്എസ്സിന്റെ രാഷ്ട്രീയ ഇടപെടലോടെ പലയിടത്തും അതിനെതിരായ സാമുദായിക ധ്രുവീകരണമുണ്ടായി. കോന്നിയിലും വട്ടിയൂര്‍കാവിലും അത് വലിയ തോതില്‍ പ്രതിഫലിച്ചു. രണ്ട് പുഷ്പ ഹാരങ്ങൾ ചങ്ങനാശ്ശേരിയില്‍ ചെന്ന് സുകുമാരന്‍ നായരുടെ കഴുത്തേലിട്ട് സാഷ്ടാംഗം നമിച്ച് ഇതുപോലുള്ള പ്രസ്താവനകള്‍ ഇനിയും നടത്തി ഇടതുപക്ഷത്തെ സഹായിക്കണമെന്ന് അപേക്ഷിക്കണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു,

ഒരു സമുദായത്തിന്റെയും വാലായോ ചൂലായോ പോവാതെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരവരുടേതായ ഐഡന്റിറ്റിയില്‍ നില്‍ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

content highlights: Vellappally Nadeshan on Aroor By election result and statement against NSS Sukumaran Nair