ജാതി പുംഗവന്മാരായ ഉദ്യോഗസ്ഥരെ ഇറക്കിവിടാതെ രക്ഷയില്ല- വെള്ളാപ്പള്ളി നടേശന്‍


വെള്ളാപ്പള്ളി നടേശൻ| ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി

ആലപ്പുഴ: റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമര്‍പ്പിച്ച ഗുരുദേവന്റെ ഫ്‌ളോട്ട് നിരസിച്ച നടപടിയില്‍ വിമര്‍ശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരുകള്‍ പുരോഗമനവാദം പറയുമ്പോഴും ചില ഉദ്യോഗസ്ഥപ്രമാണികള്‍ ഇപ്പോഴും ജാതി ചിന്തയും അവര്‍ണ വിരോധവും മനസ്സില്‍ സൂക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യോഗനാദത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിര്‍ദ്ദേശം ജൂറി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയി ഈ നിര്‍ദേശം. ശ്രീനാരായണ ഗുരുവിനെയോ ശങ്കരചാര്യരെയോ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയോ കുറിച്ച് ബോധമില്ലാത്ത പുംഗവന്മാരാണ് ജൂറിയിലെന്ന് വിചാരിച്ച് അവഗണിക്കാവുന്ന വിഷയമല്ല ഇതെന്നും വെള്ളാപ്പള്ളി പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ രൂപം

ഉദ്യോഗസ്ഥ മനസുകളിലെ മാറാത്ത ജാതിചിന്തകള്‍

(യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എഴുതിയ ലേഖനം)

സര്‍ക്കാരുകള്‍ എന്തൊക്കെ പുരോഗമനവാദം പറഞ്ഞാലും പ്രവര്‍ത്തിച്ചാലും കുറെ പ്രമാണി ഉദ്യോഗസ്ഥരുടെ മനസില്‍ നിന്ന് ജാതി ചിന്തകളും അവര്‍ണ വിരോധവും മാറാന്‍ പോകുന്നില്ലെന്നത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു റിപ്പബ്‌ളിക് ദിന പരേഡിന് വേണ്ടി കേരളം സമര്‍പ്പിച്ച ഫ്‌ളോട്ടിന് നേരിട്ട ദുര്യോഗം. ഫ്‌ളോട്ടുകള്‍ പ്രതിരോധവകുപ്പിന്റെ കീഴിലെ ജൂറിയാണ് പരിശോധിച്ച് തിരഞ്ഞെടുക്കുകയും അംഗീകാരം നല്‍കുകയും ചെയ്യുന്നത്. കേരളം സമര്‍പ്പിച്ചത് തിരുവനന്തപുരത്തെ ജഡായുപ്പാറയും സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചനകളുമുള്ള മാതൃകയാണ്. മുന്നില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും വിഭാവനം ചെയ്തിരുന്നു.

അഞ്ച് റൗണ്ട് പരിശോധനകള്‍ക്ക് ശേഷം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിര്‍ദ്ദേശം ജൂറി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയി ഈ നിര്‍ദേശം. ശ്രീനാരായണ ഗുരുവിനെയോ ശങ്കരചാര്യരെയോ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയോ കുറിച്ച് ബോധമില്ലാത്ത പുംഗവന്മാരാണ് ജൂറിയിലെന്ന് വിചാരിച്ച് അവഗണിക്കാവുന്ന വിഷയമല്ല ഇത്.എട്ടാം നൂറ്റാണ്ടില്‍ കാലടിയില്‍ ജനിച്ച ആദിശങ്കരനും 19ാം നൂറ്റാണ്ടില്‍ ചെമ്പഴന്തിയില്‍ പിറന്ന ശ്രീനാരായണ ഗുരുദേവനും കേരളത്തിന്റെ മക്കളാണ്. ഇരുവരും ആദ്ധ്യാത്മിക, ദാര്‍ശനിക മേഖലയില്‍ അഗ്രഗണ്യരുമാണ്.

ശ്രീശങ്കരന്‍ വേദാന്ത, തത്വചിന്തകളുമായി ഭാരതമെങ്ങും സാന്നിദ്ധ്യമറിയിച്ചപ്പോള്‍ ശ്രീനാരായണന്‍ ഈ കൊച്ചുകേരളത്തില്‍ പുഴുക്കളെപ്പോലെ ജീവിച്ചിരുന്ന ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിനായി താന്‍ ആര്‍ജിച്ച അറിവും ആദ്ധ്യാത്മിക ചിന്തയും സസൂക്ഷ്മമായി പ്രയോഗിച്ചു. ആധുനിക ലോകത്തിന് ജാതി, മതഭേദമെന്യേ അവഗണിക്കാനാവാത്ത, കാലാനുസൃതമായ ദര്‍ശനം പകര്‍ന്നേകി.കേരളത്തിലെയും പുറത്തേയും ബ്രാഹ്മണരുടെ ആത്മീയഗുരുവായി ശങ്കരനും പിന്‍ഗാമികളായ ശങ്കരാചാര്യന്മാരും മാറിയപ്പോള്‍ അധ:കൃതവര്‍ഗത്തിന്റെ ദൈവവും ഗുരുവുമായി ശ്രീനാരായണന്‍.ബ്രാഹ്മണ ജാത്യാഭിമാനത്തിന്റെ പ്രതീകങ്ങളായി ആധുനിക കാലത്തെ ശങ്കരാചാര്യന്മാരും ശങ്കരമഠങ്ങളും മാറിക്കഴിഞ്ഞു.

ഇവരുടെ പ്രതിനിധികളും സവര്‍ണ വാദികളുമായ കുറേ ഉദ്യോഗസ്ഥ പ്രഭുക്കളാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രധാന കസേരകളിലിരുന്ന് ഇത്തരം ജാതിവെറികള്‍ക്ക് വഴിതെളിക്കുന്നത്. ഇവരെ ഇറക്കിവിട്ടല്ലാതെ നമ്മുടെ രാജ്യം ജാതി വിവേചനത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുക്തമാവില്ല. ബ്രാഹ്മണകുലത്തിലും മേല്‍ജാതികളിലും പിറന്ന എത്രയോ അന്തസുള്ള ഉദ്യോഗസ്ഥര്‍ പണ്ടും ഇപ്പോഴും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അവര്‍ക്കു കൂടി മാനക്കേടുണ്ടാക്കുകയാണ് ഈ ഒളിപ്പോരുകാര്‍.ശ്രീനാരായണ ഗുരുവിനെ അറിയാന്‍ ശ്രമിക്കാതെ ശങ്കരാചാര്യരെ മലയാളികളുടെ തലയിലേക്ക് ഇറക്കിവയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും കരുതാന്‍ കഴിയില്ല.

ഇത്തരം ആദ്യ സംഭവവമൊന്നുമല്ല ഇത്. പത്തുവര്‍ഷം മുമ്പ് സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ ശ്രീനാരായണഗുരു ചെത്തുകാരുടെ നേതാവായിരുന്നു എന്ന് അച്ചടിച്ചുവന്നിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരു നല്‍കുമെന്ന് പറഞ്ഞവരെ ഇപ്പോള്‍ കാണാനില്ല. കേരളത്തിലെ ശ്രീനാരായണ സര്‍വകലാശാല തന്നെ എന്തൊക്കെ വൈതരണികള്‍ നേരിട്ടു. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. ജനസംഖ്യയുടെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ന്യായമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇക്കാലത്തും പോരാടേണ്ടി വരുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങളും ഇത്തരം ജാതി ഭ്രാന്തന്മാരുടെ ഫയല്‍കുറിപ്പുകളാണ്.

റിപ്പബ്‌ളിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ളോട്ടില്‍ നിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണം. അവര്‍ ആരാണെന്ന് നാം അറിയണം.ജൂറിയുടെ നടപടി അത്യന്തം അപലപനീയവും കേന്ദ്രസര്‍ക്കാരിന് നാണക്കേടുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.കൊടിയ ജാതിപീഡനങ്ങളില്‍ നിന്നും അനാചാരങ്ങളിലും നിന്നും ഒരു ജനതയെ വിമുക്തമാക്കിയ രാജ്യത്തെ നവോത്ഥാന നായകരില്‍ പ്രമുഖനായ, ശ്രീനാരായണഗുരുവിനെ സാമൂഹ്യബോധമില്ലാത്ത ഈ ഉദ്യോഗസ്ഥര്‍ അവഹേളിക്കുകയാണ് ചെയ്തത്. പൊറുക്കാനാവാത്ത അപരാധമാണിത്.മതസംഘര്‍ഷം രൂക്ഷമാകുന്ന വര്‍ത്തമാനലോകം ശ്രീനാരായണ ദര്‍ശനം ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഗുരുദേവന്റെയും ഗുരുദര്‍ശനത്തിന്റെയും പ്രസക്തി തിരിച്ചറിഞ്ഞ് ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെ ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോഴാണ്ജൂറിയുടെ നിഷേധാത്മകമായ നടപടി.കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക ജനസമൂഹം ഗുരുദേവനെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണ്. ആദ്ധ്യാത്മിക രംഗത്ത് ശങ്കരാചാര്യരുടെ മഹത്വം ഒട്ടും കുറച്ചു കാണുന്നില്ല. എങ്കിലും ജന്മദേശമായ കേരളത്തില്‍ പോലും ശങ്കരാചാര്യരുടെ അനുയായികള്‍ നാമമാത്രമാകാന്‍ കാരണം അവരുടെ സവര്‍ണചിന്തകള്‍ തന്നെയാകണം. ആദിശങ്കരനെ സ്വന്തം വലയത്തില്‍ നിലനിറുത്താന്‍ ശ്രമിക്കുന്ന ഗൂഢശക്തികളുടെ ഭാഗമായ ഉദ്യോഗസ്ഥരാണ് ശ്രീനാരായണന് പകരം ശങ്കരാചാര്യരെ പ്രതിഷ്ഠിക്കണമെന്ന് നിര്‍ദേശം നല്‍കുന്നത്.അതെന്തു തന്നെയായാലും സംസ്ഥാനത്തെ തന്നെ അവഹേളിക്കുന്ന നിലപാടായിപ്പോയി ഉണ്ടായത്. ഇക്കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ കാണണം. രാജ്യത്തിന് തന്നെ അപമാനകരമായ ഇത്തരം സമീപനങ്ങള്‍ ഇനിയും ഉണ്ടാകാന്‍ അനുവദിക്കരുത്.

Content Highlights: Vellapally Natesan's response on kerala`s tableau with Sreenarayana guru being rejected

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented