ആലപ്പുഴ: രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്രിസ്ത്യാനികളെ അപേക്ഷിച്ച് മുസ്‌ലിം വിഭാഗക്കാര്‍ അത്രത്തോളം മതപരിവർത്തനം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത നിലയിലുള്ള ഫാ. റോയി കണ്ണൻചിറയെ പോലൊരാൾ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്ത കാര്യമാണ്. വർഗീയ വിഷം തുപ്പുന്ന അപക്വമായ  ഇത്തരം പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ശരിയല്ല. ഉയർന്ന പദവിയിലുള്ള വൈദികന്റെ ഭാഗത്തുനിന്നാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായിരിക്കുന്നത്. ആരെപ്പറ്റിയും എന്തും പറയാം എന്നുള്ള ലൈസൻസ് അല്ല വൈദികനെന്ന പട്ടം എന്നും അദ്ദേഹം പറഞ്ഞു.

ഇല്ലായ്മ ചൂഷണം ചെയ്തുകൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. പണം കൊടുത്തു കൊണ്ട് പോലും ചിലർ മതപരിപരിവർത്തനം നടത്തുന്നുണ്ട്. അതുമായി നോക്കുമ്പോൾ മുസ്‌ലിം വിഭാഗക്കാര്‍ അത്തരം മത പരിവർത്തനം നടത്തുന്നുണ്ടോ എന്നകാര്യം സംശയമാണ്. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗവും ഇത്തരത്തിൽ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യൻ വിഭാഗം സംഘടിത വോട്ട് ബാങ്കായി പ്രവർത്തിക്കുകയാണ്. ഇവർക്ക് മുമ്പിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സാഷ്ടാംഗം പ്രണമിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. അവർ സംഘടിതരായി നിന്ന് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഖജനാവ് മുഴുവൻ ചോർത്തി കൊണ്ട് പോയി സാമ്പത്തികമായി വളരുമ്പോൾ ഇവിടത്തെ പട്ടിക ജാതി - പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾ എവിടെ കിടക്കുന്നു എന്ന് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: vellapally natesan - stand on love jihad and narcotic joihad