ഓരോ രൂപമാറ്റത്തിനും 10,000 വീതം പിഴ, വര്‍ക്ക്‌ഷോപ്പുകള്‍ക്കെതിരേയും നടപടി- ആന്റണി രാജു


ആന്റണി രാജു | Photo: മാതൃഭൂമി

തിരുവനന്തപുരം: വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് യൂണിറ്റുകളില്‍ ക്രമക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹന ഉടമകള്‍ക്കെതിരേ മാത്രമായിരിക്കില്ല നടപടിയെന്നും മാറ്റം വരുത്താന്‍ സഹായം ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ക്കെതിരേയും ഡീലര്‍മാര്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

അപകടസമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ കര്‍ശന പരിശോധനങ്ങള്‍ സംസ്ഥാന വ്യാപകമായി നടന്നുവരികയാണ്. അത് ഇനിയും തുടരും. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ കേരളത്തില്‍ നിരത്തിലിറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. കര്‍ശന നടപടി കൈക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങള്‍, എക്സ്ട്രാ ഫിറ്റിംഗ്സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും.ഓരോ ആര്‍.ടി.ഒ ഓഫീസുകളുടെ പരിധിയില്‍ വരുന്ന ടൂറിസ്റ്റ് ബസ്, കോണ്‍ട്രാക്ട് ക്യാരേജ് ബസ്, പ്രൈവറ്റ് ബസ് എന്നിവയുടെ എണ്ണം നിശ്ചയിക്കും. ഓരോ ഓഫീസിന്റെയും കീഴില്‍വരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത ബസുകളുടെ ചുമതല നല്‍കും. പ്രസ്തുത വാഹനത്തിന്റെ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാധിയായിരിക്കും. വാഹനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നേരെയും നിയമനടപടി ഉണ്ടാകും. പ്രാഥമിക പരിശോധനയ്ക്ക് പുറമെ ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ ഒരു കൗണ്ടര്‍ ചെക്കും ഉണ്ടാകും.

ഒരു ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചുരുങ്ങിയത് 15 വാഹനങ്ങളെങ്കിലും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന് മുകളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സൂപ്പര്‍ ചെക്ക് ഉണ്ടാകും. മൂന്ന് തലത്തിലുള്ള പരിശോധന ഉണ്ടാകും. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ. തുടങ്ങിയ എക്സിക്യുട്ടീവ് ഓഫീസേഴ്സ് ചെക്കിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ ഇവര്‍ക്ക് റിഫ്രെഷര്‍ ട്രെയിനിങ് കോഴ്സുകള്‍ നടത്തും. ഈ കോഴ്സിന് നിര്‍ബന്ധമായും പങ്കെടുക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ ഈ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുകയുള്ളു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കര്‍ശനമായ പരിശോധനകള്‍ ആരംഭിക്കും.

ഏകീകൃത കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങളെ പിടിച്ചെടുക്കുവാനും തീരുമാനമായിട്ടുണ്ട്. വെള്ള നിറത്തില്‍ വയലറ്റ് ബോര്‍ഡര്‍ മാത്രമേ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് ഉപയോഗിക്കാനാകൂ. കളര്‍ കോട് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിന് കേന്ദ്രത്തിന്റെ വ്യവസ്ഥയനുസരിച്ച് 5000 രൂപയായിരുന്നു പിഴ. ഇനിമുതല്‍ ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ വീതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചിടത്ത് ലൈറ്റുകള്‍ മാറ്റിയാല്‍ അഞ്ച് രൂപമാറ്റമായി കണക്കാക്കി 50,000 രൂപ പിഴയീടാക്കും. അനധികൃതമായി ഘടിപ്പിക്കുന്ന ഓരോ ഹോണിനും 10,000 രൂപവീതം പിഴയീടാക്കും.

ജി.പി.എസ്. ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സി.എഫ് കാന്‍സല്‍ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങും. എ.ആര്‍.ഐ. അംഗീകാരമുള്ള നിര്‍മാതാക്കളുടെ ജി.പി.എസ്. സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഫ്രീ മൂവ്മെന്റ് അനുവദിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം റദ്ദാക്കി തമിഴ്നാട് മാതൃകയില്‍ കേരളത്തിലും വാഹനനികുതി ഈടാക്കുവാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റേണ്ടതാണ്.

ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യവും പരിശോധിക്കും. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ക്കെതിരെ നടപടിയെടുക്കും. ഈ മാസം 15-ന് മുന്‍പ് നാല് സോണിലെയും എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും യോഗം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും ആന്റണി രാജു പറഞ്ഞു.

Content Highlights: Vehicles with illegal fittings will not be allowed on the road, says Antony Raju


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented