ന്യൂഡൽഹി: കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുളള സമയം 2021 മാര്‍ച്ച് 31 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുതുക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം നീട്ടി ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. 

ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും മാര്‍ച്ച് 31 വരെ സാധുവായി കണക്കാക്കും.നിലവിലെ കോവിഡ് സ്ഥിതിഗതികളെ കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതല്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. മാര്‍ച്ച് 30-നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 

എന്നാല്‍, വൈറസ് വ്യാപനം തുടര്‍ന്ന സാഹചര്യത്തില്‍ വാഹനമേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകള്‍ പുതുക്കുന്നതിനുള്ള സമയം ഡിസംബര്‍ 30വരെ നീട്ടി നല്‍കിയിരുന്നു. ഇതാണ് വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്. 

ടൂറിസ്റ്റ് ബസ്, മറ്റ് സ്വകാര്യ ബസുകള്‍, ടാക്സികള്‍ തുടങ്ങിയ വാഹനങ്ങളെയെല്ലാം കൊറോണ വൈറസ് വ്യാപനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ ഈ തീരുമാനം ഇത്തരം വാഹന ഉടമകള്‍ ചെറുതല്ലാത്ത ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Vehicle Registration Document Validity Extended Till 2021 March 31