തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വീണാ എസ്.നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകള്‍ നന്തന്‍കോട്ടെ ആക്രിക്കടയില്‍ വിറ്റു. പോസ്റ്ററുകള്‍ മോഷ്ടിച്ചു വിറ്റുവെന്നു കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മ്യൂസിയം പോലീസില്‍ പരാതി നല്കി.
വീണയുടെ ചിത്രമുള്ള പോസ്റ്ററുകളും കൈപ്പത്തി ചിഹ്നം മാത്രം അച്ചടിച്ച പോസ്റ്ററുകളുമാണ് ആക്രിക്കടയില്‍ വിറ്റ് പണം വാങ്ങിയത്. ഒട്ടിക്കാത്ത പോസ്റ്ററുകള്‍ നിശ്ചിത എണ്ണം കെട്ടാക്കി മടക്കി വച്ചിരുന്നവയാണ്. നന്തന്‍കോട് സ്വദേശിയായ ബാലു എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേയാണ് മോഷണക്കുറ്റത്തിനടക്കം പരാതി നല്‍കിയിട്ടുള്ളത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു ഡി.സി.സി. ഭാരവാഹിയെ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ചുമതലപ്പെടുത്തി.