തിരുവനന്തപുരം: ആക്രിക്കടയില്‍ നിന്നും 50 കിലോയിലധികം ഉപയോഗിക്കാത്ത പോസ്റ്റര്‍ കണ്ടെത്തിയ സംഭവം പാര്‍ട്ടി അന്വേഷിക്കണമെന്ന് വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായര്‍. കെപിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും താഴെ തട്ടില്‍ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് അഭിപ്രായമില്ലെന്നും വീണ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. മനുഷ്യ സാധ്യമായതെല്ലാം ചെയ്തുവെന്നും വീണ പറഞ്ഞു. പ്രചാരണ ദിവസങ്ങളില്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് പല ദിവസങ്ങളിലും ഉറങ്ങാന്‍ കഴിഞ്ഞത്. പ്രവര്‍ത്തകര്‍ ഒപ്പം നിന്നു. പോസ്റ്റര്‍ വിഷയത്തില്‍ ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനില്ലെന്നും വീണ വ്യക്തമാക്കി. 

അതേസമയം ഇന്നലെ നന്തന്‍കോടുള്ള ആക്രിക്കടയില്‍ നിന്നും പോസ്റ്റര്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി  മ്യൂസിയം പോലീസ് അറിയിച്ചു.