വീണ എസ് നായർ ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വീണ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കോവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം നാല് മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് വീണ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
വീണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക.
ഏപ്രില്‍ നാലിന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക.
ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക
രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടക്കോളും കാറ്റില്‍ പറത്തി എന്ന് സങ്കല്‍പ്പിക്കുക.
നിങ്ങള്‍ എന്റെ വീട് അടിച്ചു തകര്‍ക്കുകയില്ലായിരുന്നോ സഖാക്കളേ ?
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാരോപിച്ച് യുഡിഎഫ്, ബിജെപി നേതൃത്വവും മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയെന്ന് പറയപ്പെടുന്ന നാലാം തീയതിക്ക് ശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. കൂടാതെ വോട്ട് ചെയ്യാനെത്തിയത് നിരവധി പ്രവര്‍ത്തകരോടൊപ്പമാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ കോവിഡ് സ്ഥിരീകരിച്ച ശേഷം പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്.
കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നതിനാല്‍ പരിശോധിച്ചപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Content Highlight: Veena S Nair Facebook post against CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..