മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ  അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂണ്‍ 15-നാണ് വിവാഹം. ലളിതമായി നടത്തുന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

പിണറായി വിജയന്റെയും കമല വിജയന്റെയും ഇളയമകളാണ് വീണ. കര്‍ക്കശക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനിലെ കരുതലേറെയുളള പിതാവിനെ കുറിച്ച് കേരളത്തോട് സംസാരിച്ചത് വീണയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് നിത്യവും ഫോണ്‍ ചെയ്ത് പഠിക്കാനായി നേരത്തേ വിളിച്ചെഴുന്നേല്‍പ്പിക്കുന്ന അച്ഛനെ കുറിച്ച് വീണ പറഞ്ഞത്. അച്ഛന് എല്ലാ പിറന്നാളിനും വെളുത്ത മുണ്ടും ഷര്‍ട്ടും സമ്മാനിക്കുന്ന മകള്‍. പിണറായിയുടെ രജനീകാന്ത് ആരാധനയെ കുറിച്ചും വെളിപ്പെടുത്തിയത് വീണയാണ്. ഏതു പ്രതിസന്ധിയെയും കരുത്തോടെ നേരിടുന്ന വീട്ടുകാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കുന്ന സ്‌നേഹനിധിയാണ് വീണക്ക് പിണറായി വിജയന്‍. 

സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ വീണ ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയുടെ ഡയറക്ടറാണ്. എട്ടുവര്‍ഷത്തോളം ഒറാക്കിളിലും വീണ ജോലി ചെയ്തിരുന്നു. പ്രമുഖ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ടെക്‌സോഫ്റ്റിന്റെ സിഇഒയും ആയി പ്രവര്‍ത്തിച്ചിരുന്നു. 

കേരളം സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തില്‍ കത്തി നില്‍ക്കുന്ന കാലത്ത് കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ ചേര്‍ന്ന് വീണ പഠിച്ചത് വലിയ വിവാദമായിരുന്നു. കോവിഡിനിടയില്‍ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ സ്പ്രിങ്കളര്‍ വിവാദത്തിലും വീണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. വീണയുടെ കമ്പനിയാണ് കരാറിന് ഇടനിന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 

ചാനല്‍ ചര്‍ച്ചകളിലെ സജീവ മുഖമായ മുഹമ്മദ് റിയാസ് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന പി.എം.അബ്ദുള്‍ ഖാദറിന്റെ മകനാണ്. കോഴിക്കോട് സ്വദേശിയായ റിയാസ് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ എസ് എഫ് ഐയിലെ സജീവ അംഗമായിരുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ എസ്എഫ് ഐയുടെ സംഘടനാ രംഗത്ത് റിയാസ് എന്ന പേര് ഉയരുന്ന അതേ കാലത്ത് നഗരത്തിലെ അസിസ്റ്റന്റ് പോലീസ് കമ്മിഷണറായിരുന്നു അബ്ദുള്‍ ഖാദര്‍. എസ്എഫ് ഐ- പോലീസ് സംഘട്ടനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ റിയാസിന് പക്ഷേ അതൊരു തടസ്സമായിരുന്നില്ല. വിപ്ലവ വീര്യം തലയ്ക്കുപിടിച്ച ആ നേതാവ് പലതവണ പോലീസ് ലാത്തിയുടെ ചൂടറിഞ്ഞിട്ടുണ്ട്. 

റിയാസ് കോഴിക്കോട്ട് നിന്ന് 2009-ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. അഭിഭാഷകനാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ വ്യക്തിയാണ് റിയാസ്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഡല്‍ഹിയിലും വെച്ച് റിയാസ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 

Content Highlights: Pinarayi Vijayan's daughter Veena- Muhammed Riyas Marriage