പുഷ്പലതയെ തേടി മന്ത്രിയെത്തിയപ്പോൾ
തിരുവനന്തപുരം: ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ കാണാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലതയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പുഷ്പലതയെ പ്രത്യേകം അഭിനന്ദിച്ചു.
പേരറിയാത്ത, മുഖമറിയാത്ത, ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത മന്ത്രിയോട് പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്സാകാന്‍ പഠിച്ചത്. ജോലി കിട്ടിക്കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡ് ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.
ടീം വര്‍ക്കാണ് തന്റെ പിന്‍ബലമെന്ന് പുഷ്പലത പറഞ്ഞു. ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും മന്ത്രി അഭിനന്ദിച്ചു.
ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.
'ദൈവസ്നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ?'
ഇത്രയും പാടുമ്പോഴേക്കും പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയ്യടിയും അഭിനന്ദനങ്ങളും ഉയര്‍ന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..