തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതംചെയ്ത് പാർട്ടി മുഖപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സ്വീകരിക്കുമെന്ന്  മുഖപ്രസംഗത്തില്‍ പറയുന്നു. 

മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ട് വട്ടം ചെറിയാനെ ചതിച്ചു. സിപിഎമ്മില്‍ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണ്.

സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നു. 

വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ് ഉണ്ടായിരുന്നുവെന്ന് ആരോപിക്കുന്ന മുഖപ്രസംഗം, ചെറിയാന്‍ ഫിലിപ്പിനോട് ചിറ്റമ്മനയമാണ് കാണിച്ചതെന്നും കുറ്റപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സിപിഎം ചതിക്കുകയായിരുന്നു.  മറുകണ്ടം ചാടിവരുന്നവരുടെ ചോര പരാമവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെ പോലെയാണ് സിപിഎം എന്നും മുഖപ്രസംഗം ആരോപിക്കുന്നു. 

രാജ്യസഭാ സ്ഥാനാര്‍ഥികളായി ജോണ്‍ ബ്രിട്ടാസിനെയും ഡോ. വി. ശിവദാസനെയും സിപിഎം പ്രഖ്യാപിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താന്‍ പുസ്തകരചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം.