വി.ഡി. സതീശൻ നിയമസഭയിൽ പ്രസംഗത്തിനിടെ
വയനാട്: മേപ്പാടി പോളിടെക്നിക് കോളേജിലെ സംഘര്‍ഷത്തേച്ചൊല്ലി നിയമസഭയില്‍ വാക്പോരും ബഹളവും. എക്സൈസ് മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് സഭയില്‍ പരസ്പരം കൊമ്പുകോര്‍ത്തത്. ഭരണപക്ഷത്തുനിന്ന് ലിന്റോ ജോസഫും സച്ചിന് ദേവും പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു. അതോടെ ടി. സിദ്ദിഖ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളും വാക്പോരില്‍ ഇടപെട്ടു. തുടര്‍ന്ന് സഭാ നടപടികള്‍ സസ്പെന്‍ഡ് ചെയ്ത് ഇന്നത്തേക്ക് പിരിയുകയായിരുന്നു.
മേപ്പാടി കോളേജില്‍ എസ്.എഫ്.ഐ നേതാവ് അപര്‍ണ ഗൗരിയെ അക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഇതേ പ്രതികളാണ് മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് അവിടെ സ്ഥാപിച്ച എം.എസ്.എഫിന്റെ കൊടിമരം പിഴുതെറിഞ്ഞ കേസിലെയും പ്രതികളെന്നും ഒരാള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത വിധം ഒരു മയക്കുമരുന്ന് സംഘം മേപ്പാടി കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചതിന് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത് എന്തിനാണ്? ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കെ.എസ്.യു.വിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ട. യൂണിയന് തിരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ്. ജയിച്ചതിന്റെ പ്രതികാരമെന്നോണം ആണിവെച്ചും പട്ടികവെച്ചും കുട്ടികളുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയാണ്. ഇതാണ് കാമ്പസില്‍ നടന്നത്. എന്നിട്ട് അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍, വി.ഡി. സതീശന് കുറ്റപ്പെടുത്തി
പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടെ ഭരണപക്ഷം ബഹളം ആരംഭിച്ചു. ബഹളം വെച്ചും ഭീഷണിപ്പെടുത്തിയും പ്രസംഗം നിര്‍ത്തിപ്പിക്കാമെന്ന് കരുതേണ്ടെന്ന് വി.ഡി. സതീശന് പറഞ്ഞു. ഇതോടെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഭരണപക്ഷത്തിന്റെ കോലാഹലങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ടു. ലഹരിസംഘത്തിന് രാഷ്ട്രീയ സ്പോണ്‍സര്‍ഷിപ്പ് ഉണ്ടെന്നുകൂടി സതീശന് പറഞ്ഞതോടെ ഭരണപക്ഷം രോഷാകുലരായി. ഡി.വൈ.എഫ്.ഐ.യുടെ കൊച്ചിയില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫസ്റ്റ് പ്രൈസ് സ്പോണ്സര് ചെയ്ത സി.ഐ.ടി.യു. നേതാവ് ഇപ്പോള്‍ ലഹരി മരുന്നുകേസില്‍ അകത്താണെന്നായിരുന്നു സതീശന് പറഞ്ഞത്. ഇതോടെ ഭരണപക്ഷം കൂടുതല്‍ പ്രക്ഷുബ്ധരായി രംഗത്തുവന്നു.
തുടര്‍ന്ന് സതീശനോട് പ്രസംഗം തുടരാന്‍ സ്പീക്കര്‍ നിർദേശിച്ചെങ്കിലും ആദ്യം ഭരണപക്ഷത്തെ നിയന്ത്രിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇരു വിഭാഗവും ബഹളം വെച്ചാല്‍ സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് സഭാനടപടികള്‍ സുഗമമായി നടത്താനാവാത്ത സാഹചര്യത്തില്‍ ഇന്നത്തെ ബാക്കി നടപടികള്‍ സസ്പെന്‍ഡ് ചെയ്യുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
രാഷ്ട്രീയ സംരക്ഷണം കിട്ടുമ്പോഴാണ് ലഹരി മാഫിയ ശക്തരാകുന്നതെന്ന് വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴല്നാടന് ആരോപിച്ചു. അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരി മാഫിയ കൊണ്ടുപോയത് നമ്മള് കണ്ടു. മൊഴി പറയാന്‍ പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ ആ കൂട്ടിക്ക് ലഹരി കൊടുത്തവരുടെ സാന്നിധ്യമുണ്ടാകുന്നു. പരാതികൊടുത്തിട്ട് എട്ട് ദിവസമായി. എന്താണ് നടന്നത്? ലഹരിയിടപാടിന്റെ ഒരു കാര്യവും എഫ്.ഐ.ആറില്‍ ഇല്ല. പോലീസ് ആരുടെ ഭാഗത്താണ്. മലയിന്‍കീഴിലുണ്ടായ സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവാണ് പ്രതിയായത്. തലശ്ശേരിയില്‍ രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ട സംഭവം. മറുവശത്തുള്ളത് ആരാണ് സിപിഎം അനുഭാവികളാണ്. ഡിവൈഎഫ് നേതാവും എസ്.എഫ്.ഐ നേതാവും കഞ്ചാവ് കേസില്‍ അറസ്റ്റിലാകുന്നു, അദ്ദേഹം പറഞ്ഞു.
മലയിന്‍കീഴിലെ പ്രതി ഇപ്പോള്‍ ജയിലിലാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മേപ്പാടിയില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ അപര്‍ണ ഗൗരിയെ തല്ലി ബോധം കെടുത്തി ഇപ്പോഴും ഐസിയുവില്‍ കിടക്കുകയാണ്. വാരിയെല്ല് നാലെണ്ണം പൊട്ടി. തലയ്ക്ക് മാരകമായി പരിക്കേറ്റു. അതിലെ പ്രതികള്‍ ലഹരി മാഫിയയാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: vd satheeshan speech in niyamasabha over meppadi issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..