വി.ഡി. സതീശൻ | Photo: ANI
തിരുവനന്തപുരം: പിന്‍വലിക്കുന്നുവെന്ന് ഒറ്റയടിക്ക് പറയാനുള്ള ജാള്യതകൊണ്ടാണ് ഘട്ടംഘട്ടമായി സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കേരളത്തില്‍ നടപ്പാക്കാന്‍ പറ്റാത്ത പദ്ധതിയാണ് സില്‍വര്‍ലൈന്‍. ഒരുകാരണവശാലും ഈ പദ്ധതിയുടെ ഒരു നടപടിക്രമങ്ങളും അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. കഴിഞ്ഞയാഴ്ച വരെ പദ്ധതി പിന്‍വലിക്കില്ലെന്ന വാശിയായിരുന്നു. പദ്ധതി നിര്‍ത്താലാക്കാനാണ് തീരുമാനമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ ഇനിയും സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
'വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടതാണ്. ചര്‍ച്ച ചെയ്ത് തീര്‍ത്തില്ലെങ്കില്‍ അപകടകരമായ നിലയിലേക്ക് സമരം പോകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ഞായറാഴ്ചയുണ്ടായ അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. സമരം ചെയ്തതിന് ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ മനഃപൂര്‍വം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു.'- വി.ഡി. സതീശന് പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് ചേര്‍ന്ന് വിഴിഞ്ഞം സമരം പൊളിക്കാന്‍ നടക്കുകയാണ്. സമരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സാമാന്യബുദ്ധി കാട്ടണം. തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചര്‍ച്ച് ചെയ്ത് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നാല് വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
'സമരം ചെയ്തത് കൊണ്ട് അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം ലത്തീന്‍ സഭയില്‍ നിന്നും ഈടാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നീതീകരിക്കാനാകില്ല. അങ്ങനെയെങ്കില്‍ സമരം ചെയ്തതിലൂടെ 50 കൊല്ലത്തിനിടെ കേരളത്തിനുണ്ടായ നഷ്ടം സി.പി.എമ്മില്‍ നിന്നും ഈടാക്കേണ്ടി വരും. അക്രമസമരങ്ങളിലൂടെ സി.പി.എം സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം നികത്താന്‍ എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാല്‍ പോലും തികയില്ല. എന്തിനാണ് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ഇങ്ങനെ പ്രകോപിപ്പിക്കുന്നത്. അവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവങ്ങളല്ലേ. എത്രയും വേഗം അവരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ തയാറാകണം.- വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
Content Highlights: vd satheeshan responce on withdrawing silverline project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..