റെയ്ഡിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം, വി.ഡി. സതീശൻ | Photo: Mathrubhumi
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് തുടര്‍ച്ചയായ മരണങ്ങളുണ്ടാവുന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം, 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ പരാജയം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിക്കുന്നത്. അന്തര്‍ ജില്ലാ സ്ക്വാഡുകളുടെ പരിശോധനയും ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
'അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്.'സതീശന് പറഞ്ഞു.
Content Highlights: vd satheeshan reaction on kasaragod and kottayam food poison deaths
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..