തിരുവനന്തപുരം : നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനെതിരായ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേട്ടുകേള്‍വി പോലുമില്ലാത്ത വിചിത്ര വാദവുമായാണ് ജുഡീഷ്യല്‍ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഗൂഡാലോചന നടത്തുന്നു എന്ന വിചിത്ര ആരോപണം ഉയര്‍ത്തി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുള്ള തിരിച്ചടിയാണ് ഉത്തരവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം അട്ടിമറിക്കാന്‍ മനപ്പൂര്‍വ്വമായാണ് ഇങ്ങനെ ഒരു ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്. തിരഞ്ഞെടുപ്പ് വരെ സമയം നീട്ടികിട്ടുന്നതിന് വേണ്ടി കേന്ദ്ര അന്വേഷണം ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും വിഡി സതീഷന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ കൃത്യം ഒരുമാസം മുമ്പ് അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചു. അന്വേഷണം നടത്തുന്ന എല്ലാ ഏജന്‍സികളും ഒരുമിച്ച് ഒരു സുപ്രഭാത്തതില്‍ അന്വേഷണം നിര്‍ത്തി. കുഴല്‍പ്പണ കേസും കേന്ദ്രഏജന്‍സികള്‍ കേരളത്തില്‍ അന്വേഷണം നടത്തുന്ന കേസുകളും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാവുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ഏജൻസികളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് അതിനാല്‍ മുന്‍പ് നടത്തിയിരുന്ന അന്വേഷണം എങ്ങനെ പെട്ടെന്ന് നിലച്ചു എന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

"കേന്ദ്രഏജന്‍സികള്‍ അടുത്തതായി ചോദ്യം ചെയ്യുന്നതാരെ എന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിയെ ചോദ്യം ചെയ്യും എന്നെല്ലാം നേരത്തെ വാര്‍ത്താ സമ്മേളനം നടത്തി ബിജെപി പ്രസിഡന്റ് പ്രഖ്യാപനം നടത്തുന്ന പതിവുണ്ടായിരുന്നു. അതേ ബിജെപി പ്രസിഡന്റ് ഇപ്പോള്‍ പിണറായി വിജയന്റെ കാല്‍ക്കല്‍ വീണ് കിടക്കുകയാണ്. എന്നെ കുഴൽപ്പണകേസിൽ നിന്ന് രക്ഷിക്കണം എന്ന പറഞ്ഞു കൊണ്ട്.  കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെ കുറിച്ചുള്ള മുഴുവന്‍ വിവരവും പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നതൊക്കെ സുരേന്ദ്രന്‍ സുപ്രഭാതത്തില്‍ നിര്‍ത്തി". ഇപ്പോൾ ആ ആളെ കാണാനില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.

"കൊടകര കേസിലെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസിന് കഴിയില്ലെന്നും അതോടൊപ്പം ഇഡിയുടെയും ഇന്‍കംടാക്‌സിന്റെയും അന്വേഷണം നടത്തണമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ബിജെപിയെ സഹായിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. പിന്നീട് കുറ്റപത്രം സമര്‍പ്പിച്ച്‌പ്പോള്‍ ഇഡിയും ഇന്‍കംടാക്‌സും അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് തന്നെ അതില്‍ എഴുതിവെച്ചു.സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജന്‍സിയാണെന്നും കുറ്റപത്ത്രതില്‍ പറഞ്ഞു".

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി കൊടകര കേസന്വേഷിക്കാന്‍ കത്തെഴുതിയില്ല. ഇത് ബിജെപിയെ രക്ഷിക്കാനാണെന്ന് ഞങ്ങള്‍ സംശയിക്കുന്നുവെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

content highlights: VD Satheeshan pressmeet on HC order