കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പുതുപ്പള്ളിയിലെത്തി. ഇരുവരും തമ്മില്‍ അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച. അനുനയങ്ങള്‍ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരനും വി.ഡി സതീശനും പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. അനുവാദം ചോദിക്കാതെ പുതുപ്പള്ളിയിലേക്ക് വരാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ഇതിന് മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി.  മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നല്‍കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉണ്ടായതില്‍ വേദനയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശനൊപ്പം മാധ്യമങ്ങളെ കണ്ട ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചര്‍ച്ചയിലൂടെ അത് പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സതീശൻ  ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നാളെ ചേരാനിരിക്കുന്ന നിര്‍ണായകമായ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുവരോടും വി.ഡി.സതീശന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇരു നോതാക്കളും ഇതില്‍ പ്രതികരണം അറിയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സതീശന്‍ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയെയും മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല എന്ന രീതിയില്‍ നേരത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlights: vd satheeshan meets oommen chandi in his home at puthuppally