ആലുവ: സസ്‌പെന്‍ഷനിലായ സിഐ സുധീറിനെ സംരക്ഷിച്ചത് സിപിഎം ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണ് സുധീറിന് സംരക്ഷണം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. മൊഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേ സ്റ്റേഷനില്‍ തന്നെ ആ ഉദ്യോഗസ്ഥന്‍ വീണ്ടും തുടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥനെ മാറ്റി എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ അന്‍വര്‍ സാദത്ത് എംഎല്‍എ സമരം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

മുമ്പ് നിരവധി തവണ ആരോപണവിധേയനായ ഉദ്യോഗസ്ഥനായിരുന്നിട്ടും യാതൊരു നടപടിയും ഇയാളക്കെതിരെ എടുക്കാതെ സംരക്ഷിച്ചത് പാര്‍ട്ടിയുടെ ഒരു ജില്ലാ  സെക്രട്ടറിയാണെന്ന് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ട്ടി സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് എന്തും ചെയ്യാനുള്ള ധൈര്യം സുധീറിനെ പോലെയുള്ളവര്‍ക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ  'മകള്‍ക്കൊപ്പം' എന്ന പേരില്‍ നടത്തുന്ന ക്യാമ്പെയ്‌നുമായി കോണ്‍ഗ്രസ് അതിശക്തമായി മുന്നോട്ട് പോകുമെന്നും മൊഫിയയുടെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: vd satheeshan lashes out at the government on mofiya issue